ഇടുക്കി: 96 എന്ന സിനിമ പറയുന്നത് സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയത്തിന്‍റെ കഥയാണ്. എന്നാല്‍ ഇടുക്കി ചെമ്മണ്ണാര്‍ സ്‌കൂളിലെ 96 എസ്എസ്എല്‍സി ബാച്ചിന് പറയാനുള്ളത് ഒരു ഒത്തുചേരലിന്‍റെ കഥയാണ്. ഒരു വീടിന്‍റെ പാല് കാച്ചലിന് ഒത്തു ചേര്‍ന്ന കഥ. പിന്നെ ഒരു കൊച്ചു കടയുടെ ഉദ്‌ഘാടനത്തിനും.
അംഗപരിമിതനായ തങ്ങളുടെ സഹപാഠി ഷിജുവിന് ചെമ്മണ്ണാര്‍ സ്‌കൂളിലെ 1996ല്‍ എസ്എസ്എല്‍സി ബാച്ചിലെ കൂട്ടുകാർ ഒന്നിച്ച് വീടു നിർമിച്ച് നൽകി. ചെറിയൊരു പെട്ടികടയില്‍ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ഷിജുവും കുടുംബവും ജീവിച്ചിരുന്നത്. ഷിജുവിന്‍റെ ഭാര്യ മല്ലിക ഭിന്നശേഷിക്കാരിയുമാണ്. 2018ലെ പ്രളയകാലത്താണ് ഷിജുവിന്‍റെ വീട് നശിക്കുന്നത്. അന്ന് ദുരിതാശ്വാസമായി നാല് ലക്ഷം രൂപ ലഭിച്ചെങ്കിലും ഭൂമി റോഡിന്‍റെ താഴ്‌ഭാഗത്ത് നിന്നും നിര്‍മാണം നടത്തേണ്ടതിനാല്‍ ജോലികള്‍ എങ്ങുമെത്തിയില്ല. സംഭവം അറിഞ്ഞതോടെ ഷിജുവിന്‍റെ പത്താം ക്ലാസിലെ സഹപാഠികള്‍ ഒത്തു ചേരുകയായിരുന്നു.
സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ '96 ബാച്ച്' എന്ന പേരിലുള്ള വാട്‌സാപ് കൂട്ടായ്‌മ ആണ് വീട് നിർമിച്ചത്. 65 പേരാണ് ഇതില്‍ അംഗങ്ങളായുള്ളത്. ഒരു വര്‍ഷം കൊണ്ട് വീടിന്‍റെ നിര്‍മാണത്തിന് ആവശ്യമായ തുക ഇവര്‍ സ്വരൂപിച്ചു. സഹപാഠികള്‍ക്കൊപ്പം പ്രദേശവാസികളായ ചിലരും സാമ്പത്തിക സഹായം നല്‍കി. വീടിന്‍റെ നിര്‍മ്മാണം മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. ആവശ്യമായ മുഴുവന്‍ വീട്ടുപകരണങ്ങളും ഉള്‍പ്പടെയാണ് ഇവര്‍ വീട് ഒരുക്കി നല്‍കിയത്. ആകെ അഞ്ചര ലക്ഷത്തോളം രൂപയാണ് സുഹൃത്തുകള്‍ കണ്ടെത്തിയത്.
വീടിനൊപ്പം ഷിജുവിനും ഭാര്യ മല്ലികയും ജീവിത മാര്‍ഗം കണ്ടെത്തുന്നതിനായി ഒരു ചെറിയ കടയും ഒരുക്കി നല്‍കി. '96 ചങ്ക്‌സ്' എന്ന് പേരിട്ടിരിക്കുന്ന കടയിലേയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും സുഹൃത്തുക്കള്‍ തന്നെയാണ് ശേഖരിച്ച് നല്‍കിയത്. ഷിജുവിന്‍റെ പേരിലുണ്ടായിരുന്ന ഒരുലക്ഷത്തോളം വരുന്ന സാമ്പത്തിക ബാധ്യതയും സുഹൃത്തുക്കൾ ചേർന്ന് കൊടുത്ത് തീര്‍ത്തു. വീടിന്‍റെ പാല് കാച്ചലിനോടനുബന്ധിച്ച് കേക്ക് മുറിച്ച് സൗഹൃദം പങ്കിട്ട ഈ 96 ചങ്കുകൾ സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വീണ്ടും ഒത്തുചേരുമെന്ന ദൃഢ നിശ്ചയത്തിലാണ് പിരിഞ്ഞത്.