ഇടുക്കി : നേര്യമംഗലം വനാതിര്‍ത്തിയില്‍ വാഹനം തകരാറിലായതിനെ തുടര്‍ന്ന് കുടുങ്ങിയ കുടുംബത്തിന് കൈത്താങ്ങായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാത കടന്നുപോകുന്ന റോഡാണിത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശി സജിത്തും കുടുംബവും വെള്ളിയാഴ്‌ച അര്‍ധരാത്രിയിലാണ് അകപ്പെട്ടത്.
മൂന്നാറിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. രാത്രിയില്‍ സഹായമന്വേഷിച്ച് നടക്കവെ വെളിച്ചം കണ്ട് സജിത്തും കുടുംബവും വാളറ ഫോറസ്റ്റ് സ്‌റ്റേഷനില്‍ സഹായം അഭ്യര്‍ഥിച്ചു. തുടര്‍ന്ന്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുടുംബത്തിന് കൈത്താങ്ങാവുകയുമായിരുന്നു. വനപാലകര്‍ കുടുംബത്തിന് സ്റ്റേഷനില്‍ താമസ സൗകര്യമൊരുക്കി.
ALSO READ: പേരൂര്‍ക്കട കൊലപാതകക്കേസ് : പ്രതി ഉപേക്ഷിച്ച ഷര്‍ട്ട് കണ്ടെത്തി, നാട്ടുകാരുടെ കൈയേറ്റ ശ്രമം
തകരാറിലായ വാഹനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്‌റ്റേഷനിലെത്തിച്ചു. വാഹനത്തിന്‍റെ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ തുടര്‍യാത്രക്കുള്ള സൗകര്യവും വനപാലകര്‍ ഒരുക്കി. കാട്ടാനയുടെ ഉള്‍പ്പടെ സാന്നിധ്യമുള്ള പ്രദേശമാണിത്.
രാത്രികാലങ്ങളില്‍ വനമേഖലയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും കുറവാണ്. പരിചയമില്ലാത്ത വനമേഖലയില്‍ അകപ്പെട്ടുപോയ തങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ വലിയ സഹായമായെന്ന് സജിത്ത് പറയുന്നു.