ഇടുക്കി: നെടുങ്കണ്ടത്ത് അങ്കണവാടികള്‍ക്ക് അനുവദിച്ച വിവിധ ഉപകരണങ്ങളുടെ വിതരണത്തില്‍ ക്രമക്കേടെന്ന് പരാതി. കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്ത് നല്‍കുന്നതിനായി അനുവദിച്ച പാത്രങ്ങള്‍, അലമാരകൾ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തില്ലെന്നും ആരോപണമുണ്ട്. ഉപകരണങ്ങള്‍ കൈപ്പറ്റി എന്ന് വ്യക്തമാക്കുന്ന രേഖ ഐസിഡിഎസ് ജീവനക്കാരില്‍ നിന്നും ഒപ്പിട്ട് വാങ്ങിയെങ്കിലും ഉപകരണം എത്തിച്ചില്ലെന്നാണ് പരാതി.
പത്ത് അലമാരകള്‍, 30 ഇഡലി പാത്രങ്ങള്‍ തുടങ്ങിയവയാണ് നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലെ വിവിധ അങ്കണവാടികള്‍ക്കായി അനുവദിച്ചത്. പദ്ധതിയുടെ വിതരണോദ്‌ഘാടനം നടത്തപ്പെട്ടതായും പറയപ്പെടുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് നെടുങ്കണ്ടം പഞ്ചായത്തില്‍ നിന്നും അങ്കണവാടികൾക്കായി വിവിധ ഉപകരണങ്ങൾ വാങ്ങി നല്‍കാന്‍ നിശ്ചയിച്ചത്.
ALSO READ:കണ്ണൂരില്‍ മദ്യലഹരിയിൽ അനുജൻ ജ്യേഷ്‌ഠനെ കുത്തിക്കൊന്നു
കാറ്ററിങ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വലിയ ഇഡലി പാത്രങ്ങള്‍ വിതരണം ചെയ്യാന്‍ എത്തിച്ചെങ്കിലും ഇവ അങ്കണവാടികളിലെ ഉപയോഗത്തിന് അനുയോജ്യമല്ലാത്തതിനാല്‍ തിരികെ അയച്ചു. വിഷയത്തിൽ ഐസിഡിഎസ് ജീവനക്കാര്‍ മുന്‍ പഞ്ചായത്ത് ഭരണ സമിതിയെ നിരവധി തവണ സമീപിച്ചെങ്കിലും ഉപകരണങ്ങള്‍ കൈമാറിയില്ലെന്നാണ് ആക്ഷേപം.