ഇടുക്കി : മൂന്നാറിനടുത്തുള്ള മുതിരപ്പുഴയാറിലെ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ ഹൈദരാബാദ് സ്വദേശിയെ കാണാതായി. കോതപ്പേട്ട് സ്വദേശി സന്ദീപിനായി (20) തെരച്ചില്‍ ഊര്‍ജിതമാണ്. സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ ഇന്ന് ഉച്ചയ്‌ക്ക് 3.30നാണ് സംഭവം.
അപകടം നടന്നയുടനെ നാട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. ശേഷം, ഫയര്‍ഫോഴ്‌സും തൊടുപുഴയില്‍ നിന്ന് സ്‌കൂബ ടീമും സ്ഥലത്തെത്തി യുവാവിനായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഹൈദരാബാദില്‍ നിന്നും വാടകയ്‌ക്ക് എടുത്ത കാറില്‍ മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനുവന്ന സംഘത്തിലെ അംഗമാണ് ഒഴുക്കില്‍പ്പെട്ട സന്ദീപ്.
മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ എല്ലക്കല്‍ വഴിയാണ് ചുനയംമാക്കലിലെത്തിയത്. അടിയൊഴുക്ക് കൂടുതലായതിനാല്‍ വെള്ളത്തില്‍ വീണ ഉടനെ മുങ്ങിത്താഴുകയായിരുന്നു. വെള്ളത്തൂവല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.