ഇടുക്കി: ഇടുക്കി രാജകുമാരിയില്‍ ജൈവപച്ചക്കറി കൃഷിയിൽ വിജയഗാഥ രചിച്ച് ഒരുപറ്റം വീട്ടമ്മമാര്‍. രാജകുമാരി ഗ്രാമപഞ്ചയത്തിലെ പതിനൊന്നാം വാർഡിൽ പ്രവർത്തിച്ചു വരുന്ന സൗപർണിക കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് ജൈവപച്ചക്കറി കൃഷി പുരോഗമിക്കുന്നത്. രാജകുമാരി നോർത്തിൽ സർക്കാർ സ്കൂളിനോട് ചേർന്നുള്ള നാലേക്കർ തരിശുഭൂമി പഞ്ചായത്തിന്റെ സഹായത്തോടെ തൊഴിൽഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് വെട്ടിതെളിച്ചു കൃഷിയോഗ്യമാക്കി തുടർന്ന് ജെ.എൽ.ജി.ഗ്രുപ്പിലെ ആറ് വനിതകളുടെ നേതൃത്വത്തിൽ കഴിഞ്ഞ മാർച്ചിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. പയർ, ബീൻസ്, ചോളം, മധുരകിഴങ്ങ്, കൂർക്കാ തുടങ്ങി എട്ടോളം ഇനങ്ങളാണ് കൃഷി ചെയ്‌തു വരുന്നത്.
കൃഷിക്ക് വേണ്ട മാർഗ്ഗനിർദേശങ്ങളും സഹായങ്ങളുമായി കൃഷിവകുപ്പും മുന്നോട്ട് വന്നതോടെ കൃഷിക്ക് മികച്ച വിളവും ലഭിച്ചു. എന്നാല്‍ പ്രതീക്ഷക്കനുസരിച്ച് ഈ പച്ചക്കറികള്‍ വിറ്റഴിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഇവരെ അലട്ടുന്ന ഒരു പ്രതിസന്ധി. തരിശുഭൂമിയിൽ കൃഷിയിറക്കി വിജയക്കൊടി പാറിച്ച വീട്ടമ്മമാർക്ക് പിന്തുണയുമായി ബ്ലോക്ക് പഞ്ചായത്തും രംഗത്ത് എത്തി കാർഷിക മേഖലക്ക് മാതൃകയായി പ്രവർത്തിച്ച ഇവർക്ക് സബ് സി ഡി നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ പറഞ്ഞു. വിപണി സാധ്യതയും മെച്ചപ്പെട്ട വിലയും ലഭിച്ചാൽ കൃഷി തികച്ചും ലാഭകരമാണ് എന്നാണ് ഈ വീട്ടമ്മമാർ പറയുന്നത്