ഇടുക്കി : ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങളെ മനോഹരിയാക്കുന്ന കാലമാണ് മണ്‍സൂണ്‍ കാലം. കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവരെ ആകര്‍ഷിക്കുന്ന ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ ഇടമുറിയാതെ പെയ്യുന്ന മഴയില്‍ സജീവമായി കഴിഞ്ഞു. മണ്‍സൂണ്‍ കാലത്ത് തന്നെ ജലപാതങ്ങളുടെ വശ്യമനോഹാരിത ആസ്വദിക്കണമെന്ന് സഞ്ചാരികളും സാക്ഷ്യപ്പെടുത്തുന്നു.
വെള്ളച്ചാട്ടങ്ങള്‍ സജീവമാണെങ്കിലും എല്ലായിടത്തും സഞ്ചാരികള്‍ ഒഴിഞ്ഞ് നില്‍ക്കുകയാണ്. മഴക്കാലം തീര്‍ത്ത ഭീതിക്കൊപ്പം ഇനിയും ശമിക്കാത്ത കൊവിഡ് ആശങ്കയാണ് സഞ്ചാരികളുടെ കടന്നു വരവിനെ ഇല്ലാതാക്കിയത്. ആശങ്കകള്‍ ഒഴിഞ്ഞ് ഇടുക്കിയുടെ വിനോദ സഞ്ചാരമേഖല വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയാണ് സഞ്ചാരികള്‍ക്കും ഇത്തരം കേന്ദ്രങ്ങളെ ആശ്രയിച്ച് ജീവിതം തള്ളിനീക്കിയിരുന്ന കുടുംബങ്ങള്‍ക്കുമുള്ളത്.