ഇടുക്കി: ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ. രണ്ട് ദിവസമായി തുടരുന്ന മഴയിൽ ജലാശയങ്ങളിലെ നീരൊഴുക്ക് വർധിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പും ഉയർന്നു.
പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്തിയതിനെ തുടർന്ന് രണ്ട് ഷട്ടറുകൾ കൂടുതൽ ഉയർത്തി. 2, 3 ഷട്ടറുകൾ 15 സെന്‍റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ തന്നെ അണക്കെട്ടിന്‍റെ സമീപ പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
മഴ ശക്തമായി തുടർന്നാൽ ജില്ലയിലെ ചെറുകിട അണക്കെട്ടുകളും തുറക്കേണ്ടി വരും. എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ എട്ട് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. ജലനിരപ്പിൽ കാര്യമായ മാറ്റമുണ്ടായാൽ ഘട്ടം ഘട്ടമായി ഷട്ടറുകൾ താഴ്ത്തും.
മഴ ഇനിയും ശക്തമാകുകയാണെങ്കിൽ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിൻ്റെ അളവ് വർധിപ്പിക്കാനും സാധ്യതയുണ്ട്. പെരിയാർ തീരത്ത് ഇപ്പോഴും വലിയ ജാഗ്രതയാണുള്ളത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
മുല്ലപ്പെരിയാറിൽ നിന്നും ഒഴുക്കി വിടുന്ന വെള്ളത്തിൻ്റെ അളവ് വർധിപ്പിക്കുകയും മഴ ശക്തമാക്കുകയും ചെയ്‌താൽ ഇടുക്കിയും റെഡ് അലർട്ടിലേക്ക് എത്തും.
Also Read: കേരളം വാറ്റ് നികുതി കുറയ്‌ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി: തിരുവഞ്ചൂർ രാധാകൃഷ്ണൻ