ഇടുക്കി: ജില്ലയില്‍ കോടികൾ വില വരുന്ന ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുമളി ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് 21.5കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടികൂടിയത്. കട്ടപ്പന സ്വദേശികളായ പ്രദീപ്, മഹേഷ്, റെനി എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രയിൽ നിന്നാണ് പ്രതികൾ ഹാഷിഷ് ഓയിലും, കഞ്ചാവും വാങ്ങിയത്. എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്വകാഡിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതികൾ നിരീക്ഷണത്തിലായിരുന്നു. ഹാഷിഷ് ഓയിലിന് അന്താരാഷ്‌ട്ര വിപണിയിൽ ഒരു കോടിയിലധികം രൂപ വില വരും. കട്ടപ്പന സ്വദേശിയായ ടോമിക്കു വേണ്ടിയാണ് കഞ്ചാവും, ഹാഷിഷ് ഓയിലും കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥിരമായി കഞ്ചാവെത്തിച്ച് വില്‍പന നടത്തുന്നയാളാണ് ടോമിയെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിർത്തി ചെക്ക് പോസ്റ്റുകളിൽ എക്സൈസും, പൊലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്.