ഇടുക്കി: വെളുത്തുള്ളി സംഭരിക്കാൻ ഹോര്‍ട്ടികോര്‍പ്പ് തയ്യറാകാത്ത സാഹചര്യത്തിൽ കിട്ടിയ വിലയ്ക്ക് ഇടനിലക്കാര്‍ക്ക് വിറ്റ് കര്‍ഷകര്‍. കാന്തല്ലൂരിലെ കര്‍ഷകർക്കാണ് കുറഞ്ഞ വിലയ്ക്ക് വെളുത്തുള്ളി ഇടനിലക്കാര്‍ക്ക് വില്‍ക്കേണ്ടി വന്നത്. ഭീമമായ നഷ്‌ടം നേരിടേണ്ടിവന്ന കര്‍ഷകര്‍ക്ക് അടുത്ത കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഏറ്റവും കൂടുതല്‍ ഗുണനിലവാരമുള്ളതും ജൈവ രീതിയില്‍ ഉൽപാദിപ്പിക്കുന്നതുമായ കാന്തല്ലൂരിലെ വെളുത്തുള്ളിക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. എന്നാല്‍ കഴിഞ്ഞ ഓണക്കാലത്ത് അടക്കം കര്‍ഷകരില്‍ നിന്ന് വെളുത്തുള്ളി സംഭരിക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പ് തയ്യാറായില്ലെന്നാണ് ഇവർ പറയുന്നത്.
വെളുത്തുള്ളി എടുക്കുന്നതിന് അനുമതിയില്ലെന്നാണ് അധികൃതര്‍ കര്‍ഷകരോട് പറഞ്ഞത്. ഇതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇടനിലക്കാര്‍ക്കാണ് വെളുത്തുള്ളി വിറ്റത്. 300 മുതല്‍ 400 രൂപ വരെ വില ലഭിച്ചിരുന്ന വെളുത്തുള്ളി ഇത്തവണ ഇടനിലക്കാര്‍ വാങ്ങിയത് 150 രൂപയില്‍ താഴെയാണ്. കൊവിഡ് മൂലം കര്‍ഷകര്‍ക്ക് വെളുത്തുള്ളി നേരിട്ട് വിപണിയില്‍ എത്തിച്ച് വില്‍പന നടത്താനും കഴിയില്ല. മുടക്കുമുതലിന്‍റെ പകുതിപോലും തിരിച്ചുകിട്ടാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ കടബാധ്യതയുടെ നടുവിലാണ്. അടിയന്തരമായി സര്‍ക്കാര്‍ സഹായം ലഭ്യമായെങ്കില്‍ മാത്രമേ കൃഷി പുനരാരംഭിക്കാന്‍ സാധിക്കൂവെന്നും കര്‍ഷകര്‍ പറയുന്നു.