ഇടുക്കി: കിടപ്പുമുറിയിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് കട്ടപ്പനയിൽ അറസ്റ്റിൽ. നിർമ്മല സിറ്റി സ്വദേശി മനു തോമസിനെയാണ് എക്സൈസ് പിടികൂടിയത്. എട്ട് കഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടിൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പ്രതി തന്‍റെ പണി പൂർത്തിയാകാത്ത കോൺക്രീറ്റ് വീടിന്‍റെ കിടപ്പുമുറിയിലാണ് കഞ്ചാവ് നട്ടുവളർത്തിയത്. എട്ട് ഗ്രോബാഗുകളിലായി കൃഷി ചെയ്‌തിരുന്ന കഞ്ചാവ് ചെടികളാണ് പിടികൂടിയത്. 40 സെന്‍റീമീറ്റർ നീളമുള്ള ചെടികളാണ് ഇവ. പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്‌തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിസരവാസികളുടെ ശ്രദ്ധയിൽപ്പെടാതെ പ്രതി ജനലുകൾ ടാർപ്പോളിൻ ഉപയോഗിച്ചു മറയ്‌ക്കുകയും കൃത്രിമ വെളിച്ചത്തിനായി ഇലക്ട്രിക് ലൈറ്റ് സംവിധാനവും ഉപയോഗിക്കുകയും ചെയ്‌തിരുന്നു. വർഷങ്ങളായി കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാൾ ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് ദിവസം നിരീക്ഷിച്ച ശേഷമാണ് പ്രതിയുടെ വീട്ടിൽ ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയത്. എൻഡിപിഎസ് നിയമപ്രകാരം എക്‌സൈസ് കേസെടുത്തു.