ഇടുക്കി: ഹൈറേഞ്ചിലെ കുത്തകപ്പാട്ട ഭൂമികളില്‍ കർശന നടപടികളുമായി വനംവകുപ്പ്. സർക്കാർ നിർദേശപ്രകാരം കർഷകർ നട്ടുവളർത്തിയ മരങ്ങൾ പോലും മുറിക്കരുതെന്നാണ് വനംവകുപ്പിന്‍റെ നിർദേശം. ഇതോടെ മാഞ്ചിയം ഉൾപ്പെടെയുള്ള മരങ്ങൾ മുറിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് ഇടുക്കിയിലെ കർഷക ജനത.
പതിറ്റാണ്ടുകളായി ഇവിടെ ആയിരക്കണക്കിന് കർഷകരാണ് കുത്തകപ്പാട്ട ഭൂമികളിൽ കൃഷി ചെയ്ത് ഉപജീവന മാർഗം കണ്ടെത്തുന്നത്. സർക്കാർ പദ്ധതികളിലൂടെയും മറ്റും നിരവധി മരങ്ങളാണ് കർഷകർ കൃഷിയുടെ ഭാഗമായും അല്ലാതെയും പുരയിടത്തിൽ നട്ടുപിടിപ്പിച്ചിട്ടുള്ളത്.
കല്യാണം, ആശുപത്രി ചെലവുകൾ, വീട് നിർമാണം അടക്കം മുന്നിൽ കണ്ടാണ് മാഞ്ചിയം ഉൾപ്പെടെയുള്ള മരങ്ങൾ കൃഷിയിടങ്ങളിൽ നട്ടുപിടിപ്പിച്ചത്. എന്നാൽ ഇത്തരം മരങ്ങൾ മുറിക്കാന്‍ അനുവദിക്കില്ലെന്ന വനംവകുപ്പിന്‍റെ കർശന നിലപാട് കർഷകരെ വലയ്ക്കുകയാണ്.
നെടുങ്കണ്ടം കല്ലാർ ഫോറസ്റ്റ് സെക്ഷന് കീഴിൽ മാത്രം ഉദ്യോഗസ്ഥരുടെ കടുംപിടുത്തത്തിൽ ദുരിതത്തിലായിരിക്കുന്നത് നിരവധി കർഷകരാണ്. ഇത്തരം മരങ്ങൾ മുറിച്ചതിന്‍റെ പേരിൽ അകാരണമായി കേസിൽപ്പെടുത്തി ഓഫിസുകൾ തോറും കയറി ഇറങ്ങുന്നവരും നിരവധിയാണ്. ഇതേപോലെ പ്രതിസന്ധിയിലായ ഒരു കർഷകനാണ് നെടുങ്കണ്ടം കളരിക്കൽ ജോബ് തോമസ്.
Also read: മാനസ വധം ; മൃതദേഹം കളമശേരിയിലെത്തിച്ച് പോസ്‌റ്റ് മോർട്ടം നടത്തും
1995 ലെ 'അഞ്ച് ആടിന് പകരം പത്ത് മാഞ്ചിയം' എന്ന സർക്കാർ പദ്ധതി പ്രകാരം നട്ടുവളർത്തിയ മരങ്ങൾ രണ്ടു വർഷം മുമ്പാണ് ചികിത്സാവശ്യങ്ങൾക്കായി മുറിച്ചത്. എന്നാൽ കല്ലാർ സെക്ഷൻ ഓഫിസിലെ ജീവനക്കാർ തടിവിൽക്കുന്നത് തടയുകയും രണ്ട് വർഷത്തിനിപ്പുറം അവ ചിതലരിച്ച് നശിച്ചുപോവുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ കേസുകളും ഫയൽ ചെയ്തില്ലെങ്കിലും തടി വിട്ടു നൽകാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിസമ്മതിക്കുകയാണെന്ന് ജോബ് പറയുന്നു. ഇത്തരത്തിൽ നിരവധി കർഷകരാണ് മേഖലയിൽ ദുരിതമനുഭവിക്കുന്നത്. കുത്തകപ്പാട്ട ഭൂമിയിൽനിന്നും മരംമുറിച്ചാൽ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് മേഖലയിൽ ഉയരുന്നത്. ദിനംപ്രതി ഹൈറേഞ്ച് മേഖലയിൽ നിന്നും ലോഡ് കണക്കിന് തടിയാണ് മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകുന്നത്.
ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയാൽ മരം മുറിക്കാൻ അനുമതി ലഭിക്കുമെന്ന ആക്ഷേപവും വ്യാപകമാണ്. അതേസമയം സി എച്ച് ആർ ഭൂമിയിലെ നിയന്ത്രണങ്ങൾക്ക് പുറമെയാണ് ഹൈറേഞ്ച് കുത്തകപ്പാട്ട ഭൂമിയിൽ പുതിയ നിയമങ്ങളുമായി വനംവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.