ഇടുക്കി: മൂന്നാറില്‍ പൊലീസിന് നേരെ അക്രമണം. കാര്‍ത്തിക വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ചൊവ്വാഴ്‌ച രാത്രി ആര്‍ ഒ ജങ്‌ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇടുക്കി എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ വിഷ്‌ണുവിനാണ് മര്‍ദനമേറ്റത്. സംഭവത്തിൽ അഞ്ച് പേരെ മൂന്നാര്‍ പൊലീസ് പിടികൂടി.
മാട്ടുപ്പെട്ടി സ്വദേശികളായ സുരേഷ് കണ്ണന്‍, ദീപക്, രാജേഷ്, വേലന്‍, മറയൂര്‍ സ്വദേശിയായ മുകേഷ് എന്നിവരെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഓട്ടോറിക്ഷയില്‍ എത്തിയ അഞ്ചംഗ മദ്യപസംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്‌ണുവിനെ മര്‍ദിക്കുകയായിരുന്നു. കാര്‍ത്തിക വിളക്ക് മഹോത്സവമായതിനാൽ ഇതുവഴി വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ അമിത വേഗതയില്‍ ഓടിച്ചെത്തിയ ഓട്ടോറിക്ഷയെ ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്‌ണുവും മറ്റൊരു ഉദ്യോഗസ്ഥനും ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി. ഇതുവഴി വാഹനം പോകാനാകില്ലെന്ന് പറഞ്ഞെങ്കിലും ഇത് വകവയ്ക്കാതെ അഞ്ചംഗ സംഘം പൊലീസിനെ അസഭ്യം പറയുകയായിരുന്നു.
പിന്നീട് വിഷ്‌ണുവിന്‍റെ മുഖത്തടിച്ചതിന് ശേഷം വാഹനം വേഗത്തില്‍ ഓടിച്ച് സംഘം രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുര്‍ന്ന് കൂടുതല്‍ പൊലീസ് എത്തി വാഹനത്തേയും അഞ്ചംഗ സംഘത്തേയും പിടികൂടുകയായിരുന്നു. മര്‍ദനമേറ്റ ഉദ്യോഗസ്ഥന്‍ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.