ഇടുക്കി: വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ അടിമാലിയിലെ മത്സ്യ വില്‍പ്പന ശാലകളില്‍ മിന്നല്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ, ഫിഷറീസ്, ആരോഗ്യ വകുപ്പുകളുടെ സംയുക്ത പരിശോധനയാണ് നടന്നത്. വില്‍പ്പനക്കുള്ള മത്സ്യങ്ങളുടെ വിഷാംശം കണ്ടെത്തുന്നതിനാണ് ഓപ്പറേഷന്‍ സാഗര്‍ റാണി നടത്തി വരുന്നത്.
പരിശോധനയില്‍ വില്‍പ്പനക്കായി വച്ചിരുന്ന ചില വ്യാപാരശാലകളിലെ മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍റെ സാന്നിധ്യം കണ്ടെത്തി. ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയ മത്സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പരിശോധന നടത്തിയ വ്യാപാരശാലകളില്‍ ഐസിന്റെ ഉപയോഗം തീര്‍ത്തും കുറവായിരുന്നുവെന്ന് സംഘം കണ്ടെത്തി. ജില്ലയിലെ കട്ടപ്പന, തൊടുപുഴ തുടങ്ങിയ ടൗണുകളില്‍ ഓപ്പറേഷന്‍ സാഗര്‍ റാണി നടപ്പിലാക്കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ മൂന്നാര്‍ മേഖലയില്‍ പരിശോധന നടത്താനാണ് സംഘത്തിന്‍റെ തീരുമാനം.