ഇടുക്കി: അടിമാലി ഇരുട്ടുകാനം വിയാറ്റ് പവര്‍ഹൗസില്‍ തീപിടിത്തം. ഇരുട്ടുകാനത്ത് പ്രവര്‍ത്തിച്ച് വന്നിരുന്ന വിയാറ്റ് പവര്‍ പ്രൈവറ്റ് ലിമിറ്റഡിൽ ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പവര്‍ ഹൗസിലെ സ്വിച്ച് ഗിയര്‍ റൂമില്‍ സ്റ്റേജ് വണ്‍ 3.3 കെ.വി ഔട്ട് ഗോയിങ്ങ് ട്രാന്‍സ്‌ഫോമര്‍ ബ്രേക്കര്‍ പാനല്‍ കത്തി നശിച്ചു. ഇന്റേണല്‍ വയറിംഗിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടര്‍ന്ന് പവര്‍ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു. പ്രതിദിന ഉത്പാദനത്തില്‍ നിന്നും മൂന്നര ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നുവെന്നും ഇതിനു പുറമെ 25 ലക്ഷം രൂപയോളം വരുന്ന യന്ത്രസാമഗ്രികൾക്ക് നഷ്ടം സംഭവിച്ചതായും പ്ലാന്റ് മാനേജര്‍ വി.വി രാജന്‍ പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ അടിമാലി അഗ്നിശമനസേനാംഗങ്ങള്‍ രണ്ട് മണിക്കൂറോളം നീണ്ട പ്രയത്‌നത്തിലൂടെയാണ് തീയണച്ചത്. ഒരു ലക്ഷത്തി മുപ്പതിനായിരം യൂണിറ്റാണ് പവര്‍ഹൗസിന്‍റെ പ്രതിദിന ഉത്പാദന ശേഷി. തീപിടിത്തത്തിൽ നശിച്ച യന്ത്രസാമഗ്രികള്‍ മാറ്റി പവര്‍ഹൗസ് പൂര്‍ണരീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് പവര്‍ഹൗസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ പ്രളയത്തിൽ മണ്ണിടിഞ്ഞ് വിയാറ്റിൻ പവര്‍ ഹൗസിന് വലിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു.