ഇടുക്കി : സംസഥാനത്തെ ഗതാഗത നിരോധനത്തിൽ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ജീവന്‍ രക്ഷ മരുന്നുകള്‍ എത്തിച്ച് നൽകുകയാണ് ഇടുക്കി ജില്ലയിലെ ഫയർ ഫോഴ്‌സ്. ആവശ്യക്കാരായ രോഗികൾക്ക് എറണാകുളം, തിരുവനന്തപുരവും, കോട്ടയം തുടങ്ങിയ ജില്ലകളില്‍ നിന്നും കാന്‍സറിനും ഡയാലിസിസിനും അടക്കമുള്ള അവശ്യ മരുന്നുകൾ സേന വീടുകളിൽ എത്തിക്കും. ഇതിനായി പൂര്‍ണ്ണമായ മേല്‍വിലാസവും മരുന്നിന്‍റെ കുറിപ്പടിയും അടുത്തുള്ള ഫയര്‍ സ്റ്റേഷനിലേക്കോ ഫയർ ഫോഴ്‌സ് സ്‌റ്റേറ്റ് കണ്‍ട്രോള്‍ ടീമിലേക്കോ വാട്‌സ് ആപ്പ് അല്ലെങ്കിൽ മെയില്‍ മുഖാന്തരമോ അറിയിക്കാം. മരുന്നിനായി വരുന്ന തുക മാത്രം സേനാംഗങ്ങള്‍ക്ക് കൈമാറിയാല്‍ മതിയാകും. സംസ്ഥാനത്തെ വിവിധ മേഖലകളില്‍ ഉള്ള ഫയര്‍സ്റ്റേഷനുകള്‍ ഏകോപിപ്പിച്ചാണ് മരുന്ന് ലഭ്യത സേന സാധ്യമാക്കുന്നത്. അടിമാലി മേഖലയില്‍ മാത്രം ഇതിനോടകം പത്തിലധികം കുടുംബങ്ങള്‍ക്ക് ഫയർ ഫോഴ്‌സ് മരുന്നുകൾ എത്തിച്ചു നൽകിയതായി സീനിയർ ഫയർമാൻ സുനിൽ മാത്യു പറഞ്ഞു.
അയല്‍ ജില്ലകളിലെ മെഡിക്കല്‍ സ്റ്റോറുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, കാന്‍സര്‍ സെന്‍ററുകൾ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് മരുന്ന് എത്തിക്കാൻ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ 24 മണിക്കൂറും സജ്ജമാണ്. അടിമാലി മേഖലയിലുള്ളവർക്ക് കരിങ്കുളത്ത് പ്രവര്‍ത്തിക്കുന്ന ഫയര്‍സ്റ്റേഷനുമായി 101 എന്ന നമ്പരിലോ 04864 224101 എന്ന നമ്പരിലോ ബന്ധപ്പെട്ടാൽ സഹായം ലഭിക്കുമെന്നും അദേഹം പറഞ്ഞു.