ഇടുക്കി: അമിതമായ ഉല്‍പ്പാദന ചിലവും വിലത്തകര്‍ച്ചയും കൊണ്ട് പ്രതിസന്ധിയിലായ ഏലം മേഖലയ്ക്ക് ഇരട്ടി പ്രഹരമാണ് ലോക്ക്ഡൗണ്‍ സമ്മാനിയ്ക്കുന്നത്. തൊഴിലാളി ക്ഷാമമാണ് നിലവില്‍ മേഖല നേരിടുന്ന വലിയ പ്രതിസന്ധി.
ജില്ലയിലെ തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികൾ ആണ്. ലോക്ക്ഡൗണിനെ തുടർന്ന് തമിഴ്‌നാട്ടില്‍ നിന്ന് തൊഴിലാളികള്‍ എത്താതായതോടെ ഏലം പരിപാലനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.
വളം, കീടനാശിനി പ്രയോഗങ്ങൾ ഉള്‍പ്പെടെ കൃത്യമായി നടത്തേണ്ട പരിപാലനങ്ങള്‍ പൂര്‍ണമായും മുടങ്ങി. വിളവെടുപ്പ് പോലും കൃത്യ സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. തൊഴിലാളികളില്ലാത്തതിനാല്‍ റി പ്ലാന്‍റേഷന്‍ നടത്തേണ്ട തോട്ടങ്ങളിലൊന്നും പുതിയ തൈകള്‍ നടാനും കഴിഞ്ഞിട്ടില്ല.
പരിപാലനം നിലച്ചതോടെ ഏലത്തിന് പലവിധ രോഗബാധയും കീടശല്യവും വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകുന്ന തരത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏലം മേഖലയെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏലം പരിപാലനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ഒപ്പം തൊഴിലാളികള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാനും സാധിയ്ക്കും.
Read more: ലോക്ക്ഡൗണും പ്രകൃതി ക്ഷോഭവും; പ്രതിസന്ധിയിലായി ഏലം കര്‍ഷകര്‍