ഇടുക്കി: മൃഗ വേട്ടക്കായി തോക്കുകള്‍ കൈവശം സൂക്ഷിച്ചിരുന്ന രണ്ട് ആദിവാസികളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. മാങ്കുളം ചിക്കണംകുടി സ്വദേശികളായ ചന്ദ്രന്‍, കാശി എന്നിവരാണ് വനപാലക സംഘത്തിന്റെ പിടിയിലായത്. കിളിക്കല്ല് മേഖലയില്‍ ചിലര്‍ നായാട്ടിനൊരുങ്ങുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാങ്കുളം ഫോറസ്റ്റ് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. തോക്കുകള്‍ കൂടാതെ ഇവരുടെ പക്കല്‍ നിന്നും വെടിമരുന്നും വെടി ഉണ്ടകളും കണ്ടെടുത്തതായി ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസര്‍ വി.ബി ഉദയസൂര്യന്‍ പറഞ്ഞു.
ഇരുവരുടെയും വീടുകളില്‍ നിന്നാണ് തോക്കുകൾ കണ്ടെടുത്തത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ വനപാലക സംഘം അന്വേഷിച്ച് വരികയാണ്. മാങ്കുളം ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസര്‍ വിബി ഉദയസൂര്യന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സാബു കുര്യന്‍ എന്നിവരുള്‍പ്പെട്ട വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത്.