ഇടുക്കി : തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹ മാധ്യമങ്ങളിലൂടെ വില്‍പനയ്‌ക്ക് വച്ച സംഭവത്തിൽ പ്രതി രണ്ടാനമ്മയെന്ന് പൊലീസ്. കുട്ടിയുടെ പിതാവിന്‍റെ ഫേസ്‌ബുക്ക് ഐഡി ഉപയോഗിച്ച് ഇവർ പോസ്റ്റിടുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. പോസ്റ്റിടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് (Facebook Post On Daughter For Sale).
പെണ്‍കുട്ടിയുടെ പിതാവുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് ഇത്തരത്തിൽ പോസ്റ്റിട്ടതെന്നാണ് രണ്ടാനമ്മയുടെ മൊഴി. അതേസമയം പ്രതിക്ക് 6 മാസം പ്രായമുള്ള കുട്ടി ഉള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഉപദേശം തേടിയിരിക്കുകയാണ് പൊലീസ്.
രണ്ടുദിവസം മുൻപാണ് പതിനൊന്നുകാരിയെ വില്‍ക്കാനുണ്ടെന്നു കാട്ടി പിതാവിന്‍റെ ഫേസ്‌ബുക്ക് ഐഡിയിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് കണ്ട ചിലർ തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടിയും വല്യമ്മയും നേരിട്ടെത്തി പരാതി നൽകുകയും ചെയ്‌തു.
അതേസമയം കഞ്ചാവ് വില്‍പന അടക്കം നിരവധി ലഹരി കേസുകളില്‍ ഉൾപ്പെട്ടയാളാണ് കുട്ടിയുടെ പിതാവ്. അമ്മ ഉപേക്ഷിച്ചുപോയ പതിനൊന്നുകാരി വർഷങ്ങളായി വല്യമ്മയുടെ സംരക്ഷണയിലാണ് കഴിയുന്നത്. വിശദമായ അന്വേഷണത്തിന് കേസ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടൻ തുടര്‍ നടപടി സ്വീകരിക്കുമെന്നും തൊടുപുഴ എസ്എച്ച്‌ഒ സുമേഷ് സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
കൗമാരക്കാരിയെ പീഡിപ്പിച്ചശേഷം കടത്തിക്കൊണ്ടു പോകാൻ ശ്രമം : ഇടുക്കിയിൽ പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കടത്തി കൊണ്ടു പോകാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു (Young Man Abused Teenage Girl). ഇടുക്കി ഇടമലക്കുടി സ്വദേശി മുരുകനെ (19) ആണ് രാജാക്കാട് പൊലീസ് പിടികൂടിയത്.
കോമാളികുടിയിൽ മൂന്നു വർഷമായി താമസിച്ച് വരികയായിരുന്ന ഇയാൾ പെൺകുട്ടിയെ ശാരീരികമായും ഉപദ്രവിച്ചിരുന്നു. പെൺകുട്ടിയുമായി ഇടമലക്കുടിയിലേക്ക് പോയതോടെ കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പെട്ടിമുടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിയെ ചെക്ക് പോസ്റ്റിൽ തടഞ്ഞു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.
കുഞ്ഞിനെ മദ്യലഹരിയിൽ എടുത്തെറിഞ്ഞ മാതാപിതാക്കൾ പിടിയില്‍ : മദ്യലഹരിയിൽ കുഞ്ഞിനെ വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞ് മാതാപിതാക്കളെ പൊലീസ് പിടികൂടി. കൊല്ലം ചിന്നക്കട കുറവന്‍പാലത്ത് തമിഴ്‌നാട് സ്വദേശികളായ ദമ്പതികളാണ് ഒന്നര വയസുളള മകളെ മദ്യലഹരിയിൽ എടുത്തെറിഞ്ഞത്. സംഭവത്തില്‍ കുഞ്ഞിന്‍റെ മാതാപിതാക്കളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തു.
ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് മുരുകനും ഭാര്യ മാരിയമ്മക്കും എതിരെ പൊലീസ് കേസെടുത്തത്. വീട്ടിനുള്ളിലിരുന്ന് മദ്യപിച്ച ഇരുവരും തര്‍ക്കത്തിൽ ഏര്‍പ്പെടുകയും മുരുകന്‍ മകളെ വീടിന് പുറത്തേക്ക് എറിയുകയുമായിരുന്നു.
READ MORE: മദ്യലഹരിയിൽ കുഞ്ഞിനെ എടുത്തെറിഞ്ഞ മാതാപിതാക്കൾ പിടിയില്‍, കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍