ഇടുക്കി: മാലിന്യ സംസ്‌ക്കരണത്തിന് സംവിധാനം ഒരുക്കി ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്. മാലിന്യ സംസ്‌കരിക്കാന്‍ സാധിക്കാത്തതിനെ തുടർന്ന് വഴിയോരങ്ങളും ടൗണും മാലിന്യത്താല്‍ നിറയുന്നതായി ഇടിവി ഭാരത് നൽകിയ വാർത്തയെത്തുടർന്നാണ് നടപടി.
വനം വകുപ്പിന്‍റെ സഹായത്തോടെ മാലിന്യ സംസ്കരണത്തിനുള്ള സ്ഥലം കണ്ടെത്തി മാലിന്യം സംസ്കരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. വന്യമൃഗങ്ങൾക്ക് ശല്യമുണ്ടാകാത്ത രീതിയിൽ ജൈവ അജൈവ മാലിന്യങ്ങൾ തരാം തിരിച്ചാണ് സംസ്‌കരിക്കുന്നത് . പൊതുനിരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു .
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാൽ പഞ്ചായത്തിന്‍റെ വിവിധ മേഖലകളിൽ മാലിന്യം കുമിഞ്ഞ് കൂടുന്നത് സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. മൂക്കുപൊത്താതെ ചിന്നക്കനാൽ പഞ്ചായത്തിന്‍റെ പാതയോരങ്ങളിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥ കഴിഞ്ഞ ദിവസമാണ് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തത്.
കൂടുതൽ വായിക്കാൻ: മാലിന്യ സംസ്‌കരണം പ്രതിസന്ധിയിൽ; വഴിയോരങ്ങൾ മാലിന്യക്കൂമ്പാരം
മുമ്പ് പഞ്ചായത്ത് മാലിന്യങ്ങള്‍ ശേഖരിച്ച് കാട്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇത് ആനയടക്കമുള്ള വന്യ മൃഗങ്ങള്‍ ഭക്ഷിക്കുന്ന അവസ്ഥയിലെത്തിയതോടെയാണ് മാലിന്യ നിക്ഷേപം തടഞ്ഞ് വനം വകുപ്പ് നോട്ടീസ് നല്‍കിയത്. ഇതോടെയാണ് ടൗണില്‍ നിന്നും മാലിന്യം നീക്കം ചെയ്യാന്‍ സാധിക്കാതെ വന്നു.
പുതിയ ഭരണസമിതി അധികാരത്തിലെത്തി ആദ്യം തന്നെ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത് പഞ്ചായത്തിന്‍റെ വിനോദസഞ്ചാര മേഖലക്ക് ആശ്വാസമായിരിക്കുകയാണ്.