ഇടുക്കി: ചിന്നക്കനാലിലെ അനധികൃത മരംവെട്ട് കേസ് ഒതുക്കി തീർക്കാനുള്ള വനപാലകരുടെ ശ്രമം പാളി. വിഷയത്തിൽ സിസിഎഫ് ഇടപെട്ടതോടെ ഏലപ്പട്ടയ ഭൂമിയിൽ നിന്നുൾപ്പെടെ മരം മുറിച്ചവരെ അറസ്റ്റ് ചെയ്യുമെന്ന് ദേവികുളം റേഞ്ച് ഓഫിസർ അറിയിച്ചു. 95 മരങ്ങളാണ് മുറിച്ചതെന്ന കണ്ടെത്തലും തെറ്റെന്ന് തെളിഞ്ഞിട്ടുണ്ട്. ഇടിവി ഭാരത് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
ചിന്നക്കനാല്‍ മുത്തമ്മാള്‍ കോളനിയ്ക്ക് സമീപം തൃശൂര്‍ സ്വദേശിയുടെ പേരിലുള്ള പട്ടയ ഭൂമിയില്‍ നിന്നും ഏലപാട്ട ഭൂമിയില്‍ നിന്നുമാണ് മരങ്ങള്‍ മുറിച്ചത്. ഇത്തരത്തിൽ അനധികൃതമായി മരങ്ങൾ മുറിച്ചത് നേരത്തെ ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. സ്ഥലത്ത് ദേവികുളം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ആദ്യം നടത്തിയ പരിശോധനയില്‍ 95 മരങ്ങൾ മുറിച്ചുവെന്നായിരുന്നു കണ്ടെത്തൽ.
കൂടുതല്‍ വായിക്കാന്‍: ചിന്നക്കനാലില്‍ മരം മുറിക്കൽ വ്യാപകം; അന്വേഷണം ആരംഭിച്ചു
വാർത്തയെ തുടർന്ന് മരം മുറിച്ചവർക്ക് എതിരെ കേസ് എടുത്തിരുന്നുവെങ്കിലും ഇത്രയും മരങ്ങളുടെ മൂല്യമായി തിട്ടപ്പെടുത്തിയത് കേവലം ഒന്നേകാൽ ലക്ഷം രൂപ മാത്രമായിരുന്നു. പരാതി ഉയർന്നതോടെയാണ്, ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ചുമതലപ്പെടുത്തിയ സംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്. 142 മരങ്ങൾ മുറിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും സിസിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടയഭൂമിയും ഏലപ്പാട്ട ഭൂമിയും തിട്ടപ്പെടുത്തുന്നതിനായി റവന്യൂസംഘവും നേരത്തെ സ്ഥലം സന്ദര്‍ശിച്ചിരുന്നു.