ഇടുക്കി : കയ്യേറ്റവും കുടിയേറ്റവും ഒരുപോലെ കാണുകയെന്നത് സര്‍ക്കാര്‍ നയമല്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഇരട്ടയാര്‍ സ്‌മാര്‍ട്ട് വില്ലേജ് ഓഫിസിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് ഭൂരഹിതരെ മണ്ണിന്‍റെ ഉടമകളാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ജില്ലയില്‍ സങ്കീര്‍ണമായ ഭൂമി പ്രശ്‌നങ്ങളുണ്ട്.
സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് പരിഹരിക്കാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും തീര്‍പ്പുണ്ടാക്കും. ഭൂമി സംബന്ധമായ ചട്ടങ്ങളിലും നിയമങ്ങളിലും ഭേദഗതി വരുത്തേണ്ടതുണ്ടെങ്കില്‍ നേതൃത്വപരമായ പങ്കുവഹിക്കും.
ALSO READ: പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാതെ ചിന്നക്കനാൽ; ദുരിതത്തിലായി നാട്ടുകാർ
ഇടുക്കിയിലെ സാധാരണക്കാരായ ജനങ്ങളെ മണ്ണിന്‍റെ ഉടമകളാക്കുക എന്നത് സര്‍ക്കാരിന്‍റെ നിര്‍ബന്ധിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്‌മാര്‍ട്ട് എന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
സമൂഹത്തില്‍ മാറ്റി നിര്‍ത്തിപ്പെട്ടവരും അവഗണിക്കപ്പെടുന്നവരുമായ ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഒട്ടനവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു.
അതിന്‍റെ തുടര്‍ച്ചയെന്നോണം കൃത്യതയോടെയും വ്യക്തതയോടെയും സര്‍ക്കാര്‍ കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.