ഇടുക്കി: ഇടമലക്കുടിലെ കുട്ടികള്‍ക്കായി കോളനിയില്‍ ഒരു വായനശാല പ്രവര്‍ത്തിക്കുന്നുണ്ട്, അക്ഷരവായനശാല. സ്ഥാപകന്‍ മാങ്കുളം സ്വദേശിയായ പി കെ മുരളീധരന്‍ എന്ന മുരളീധരന്‍ മാഷ്.
ഇടമലക്കുടി നിവാസികള്‍ക്കായി 2015 ലാണ് അക്ഷവായനശാല മാഷ് ആരംഭിക്കുന്നത്. കോളനിയിലെ ചായക്കടക്കാരനായ ചിന്നതമ്പിയുടെ ചായക്കടയുടെ ഒരു കോണില്‍ 150 പുസ്തകങ്ങളോടെയായിരുന്നു തുടക്കം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇടമലക്കുടിയിലെ കുട്ടികള്‍ കാര്യമായ രീതിയില്‍ തുടര്‍ പഠനം നടത്തിയിരുന്നില്ല. പഠിച്ച അക്ഷരങ്ങള്‍ മറന്ന് പോകാതിരിക്കാനാന്‍ വായന സഹായിക്കുമെന്നതിനാല്‍ അതിനുള്ള മാര്‍ഗമായാണ് അക്ഷരവായനശാല ആരംഭിച്ചതെന്ന് മുരളീധരന്‍ മാഷ് പറയുന്നു.
ഒരിക്കല്‍ പ്രശസ്ത മാധ്യമപ്രവർത്തകൻ പി സായിനാഥ് ഇടമലക്കുടിയില്‍ എത്തിയപ്പോൾ അക്ഷരവായനശാലയുടെ ബോര്‍ഡ് കണ്ട് വായനശാലയെ കുറിച്ച് അന്വേഷണം നടത്തിയ അദ്ദേഹം പിന്നീട് അത് തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയതായും മുരളീധരന്‍ മാഷ് ഓര്‍ക്കുന്നു. ഈ പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദി വായിച്ചിരിക്കാമെന്നാണ് മാഷിന്‍റെ പ്രതീക്ഷ. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയില്‍ ഇടമലക്കുടിയിലെ അക്ഷരവായന ശാലയെക്കുറിച്ചും മുരളിധരന്‍ മാഷിനെ കുറിച്ചും ഒരിക്കല്‍ പരാമര്‍ശിച്ചിരുന്നു. നൂറുകണക്കിന് കുട്ടികള്‍ക്ക് വായനയുടെ ലോകം തുറന്ന് നല്‍കാന്‍ സാധിച്ചതിന്‍റെ ചാരിതാർഥ്യത്തില്‍ ഇന്നും മാഷ് തന്‍റെ പതിവ് ശൈലി തുടരുകയാണ്.