ഇടുക്കി: ഇടുക്കി ഡാമിന്‍റെ ഭംഗിയും സൗന്ദര്യവും ഇക്കോ കോട്ടേജില്‍ താമസിച്ച് ആസ്വദിക്കാം. പക്ഷേ അതിന് ആദ്യം കെഎസ്‌ഇബി കനിയണം. വഴിയും വെളിച്ചവും വെള്ളവും ഇല്ലാതായതോടെ ചെറുതോണിയില്‍ ടൂറിസം വകുപ്പ് നിർമിച്ച ഇക്കോ കോട്ടേജുകൾ കാടുകയറി നശിക്കുകയാണ്. കോട്ടേജിലേക്ക് വഴി വിട്ടുകൊടുക്കേണ്ടതും കിണർ നിർമിക്കാൻ അനുമതി നല്‍കേണ്ടതും കെഎസ്‌ഇബിയാണ്. മന്ത്രി എംഎം മണി പറഞ്ഞിട്ടും കെഎസ്‌ഇബി ഉദ്യോഗസ്ഥർ അതിന് അനുമതി നല്‍കുന്നില്ലെന്നാണ് ആക്ഷേപം.
കോട്ടേജുകളുടെ നിർമാണം പൂർത്തിയായിട്ട് രണ്ട് വർഷം കഴിഞ്ഞു. പ്രവർത്തനം തുടങ്ങാത്തതിനാൽ കെട്ടിടങ്ങൾ കാടുകയറി നശിച്ചുതുടങ്ങി. ഇടുക്കിയുടെ ടൂറിസം രംഗത്തിന് മുതൽക്കൂട്ടാവുന്ന ഇക്കോ കോട്ടേജുകൾ നിലമ്പൂരിൽ നിന്ന് പ്രത്യേകമായി വരുത്തിച്ച തേക്കിൻ തടികൾ കൊണ്ടാണ് നിർമിച്ചത്. അതേസമയം മറ്റൊരു വശത്ത് വഴി വിട്ടുകൊടുക്കാൻ തയ്യാറാണെന്നും കിണർ കുഴിക്കുന്നതിന് അനുമതി നല്‍കാനാകില്ലെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നു.