ഇടുക്കി: ഉപ്പുതറ കാപ്പിപ്പാറ മേഖലയിലെ ജനങ്ങൾ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കൈത്തോടുകൾ മാലിന്യവാഹിനികൾ ആയി മാറുന്നു. കൊച്ചി തേക്കടി സംസ്ഥാന പാതയോരത്തെ കുറ്റിക്കാടുകളിലേക്കും, കലുങ്കുകളിലേക്കും മാലിന്യം തള്ളുന്നതോടെയാണ് പാതയോരവും ഇവിടെ നിന്ന് ഒഴുകുന്ന കൈത്തോടുകളും മാലിന്യപൂരിതമാകുന്നത് (Kappipara Drinking Water Crisis).ഉപ്പുതറ കാപ്പിപ്പാറ മേഖലയിലെ ആളുകൾ കൈത്തോടുകളെയാണ് പ്രധാനമായും കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത്.
എന്നാൽ കൈത്തോടുകളിലെ ജലമെല്ലാം മലിനമാകുന്ന രീതിയിലാണ് മാലിന്യ നിക്ഷേപം. കൈത്തോട് ഉത്ഭവിക്കുന്ന മത്തായിപ്പാറ ഭാഗത്താണ് സംസ്ഥാന പാതയിൽ നിന്ന് മാലിന്യം വൻ തോതിൽ നിക്ഷേപിക്കുന്നത്. കൊച്ചി തേക്കടി സംസ്ഥാനപാതയുടെ ഭാഗമായ മത്തായിപ്പാറയിലെ പൊന്തക്കാടുകളിലേക്കും കലുങ്കുകളുടെ ചുവട്ടിലേക്കുമാണ് ചാക്കുകെട്ടുകളിൽ മാലിന്യം തള്ളുന്നത്.
മാലിന്യ നിക്ഷേപത്തിന് പ്രധാന കാരണമാകുന്നത് പാതയോരത്ത് വളർന്നുനിൽക്കുന്ന പൊന്തക്കാടുകളാണ്. രാത്രിയാകുന്നതോടെ ഇവിടങ്ങളിലേക്കാണ് ചാക്കുകെട്ടുകളിൽ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ വലിച്ചെറിയുന്നത്. വളകൊട് മുതൽ ഉപ്പുതറ ടൗണിന്‍റെ സമീപം വരെ കാടും,പൊക്കമുള്ള പുല്ലുകളും വളർന്നുനിൽക്കുന്നതിനാൽ ആളുകള്‍ ഇവിടം മാലിന്യനിക്ഷേപത്തിന് തെരഞ്ഞെടുക്കുകയാണ്.
മികച്ച ഹരിത കർമ്മ സേനയ്ക്കുള്ള അവാർഡ് വാങ്ങിയ ഉപ്പുതറ ഗ്രാമപഞ്ചായത്തിന്‍റെ മുഖച്ഛായ ആണ് ഇപ്പോൾ ഇത്തരത്തിൽ മാലിന്യം കൊണ്ട് മോശമാകുന്നത്. പാതയോരങ്ങളിൽ വളർന്നുനിൽക്കുന്ന കാടുപടലങ്ങൾ വെട്ടി മാറ്റാൻ പൊതുമരാമത്ത് വകുപ്പും മാലിന്യ നിക്ഷേപത്തിന് അറുതി വരുത്തുവാൻ പഞ്ചായത്തും തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്.