ഇടുക്കി: 2020ൽ കൃഷിനാശം സംഭവിച്ച ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് സര്‍ക്കാരിൽ നിന്നുള്ള സഹായം വൈകുന്നതായി പരാതി. ഒരു കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കാനുള്ളത്. പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നവര്‍ക്ക് വിള ഇന്‍ഷുറന്‍സ് അടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നതും തിരിച്ചടിയായിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടർച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭം ഹൈറേഞ്ചിലെ കാര്‍ഷിക മേഖലയ്ക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത് ഏത്തവാഴയും, പാവലുമടക്കമുള്ള തന്നാണ്ട് വിളകള്‍ക്കാണ്. വിലയിടിവും ഉല്‍പ്പാദനക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ കൃഷി നാശം കൂടി എത്തുന്നതോടെ കര്‍ഷകരെ കടബാധ്യതയിലേയ്ക്കും തള്ളിവിട്ടിരിക്കുകയാണ്.
Also read: അതിർത്തി നിയന്ത്രണങ്ങൾ; തോട്ടം തൊഴിലാളികൾ പ്രതിസന്ധിയിൽ
15,68,000 രൂപയാണ് ഈ ഇനത്തില്‍ കര്‍ഷകര്‍ക്ക് സർക്കാർ വിതരണം ചെയ്യാനുള്ളത്. ഇടുക്കിയിലെ ഭൂരിഭാഗം കര്‍ഷകരും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി നടത്തിവരുന്നത്. എന്നാല്‍ ഏത്തവാഴയടക്കമുള്ള വിളകള്‍ ഇന്‍ഷുറൻസ് ചെയ്യണമെങ്കില്‍ കരമടച്ച രസീത് ആവശ്യമാണ്. അതുകൊണ്ട് തന്നെ പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് വിള ഇൻഷുറന്‍സും, സബ്സിഡിയും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം ശക്തമായി പെയ്ത വേനല്‍ മഴയിലും കാറ്റിലും ആയിരക്കണക്കിന് ഏത്തവാഴകള്‍ ഒടിഞ്ഞ് നശിച്ചിരുന്നു. കടബാധ്യതയില്‍ മുങ്ങി ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന തങ്ങളെ സഹായിക്കുന്നതിന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
Also: കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് വട്ടവടയിലെ സ്ട്രോബറി കര്‍ഷകർ