ഇടുക്കി: മുട്ടുകാട് ഗ്യാപ്പ് റോഡിലുണ്ടായ മണ്ണിടിച്ചലിനെ തുടര്‍ന്നുണ്ടായ മഴവെള്ള പാച്ചിലിൽ ചൊക്രമുടി കുടിയിലെ നിരവധി ആദിവാസി കുടുംബങ്ങളുടെ കൃഷി ഒലിച്ചു പോയി. ഏലം, വാഴ, കപ്പ, പച്ചക്കറി തുടങ്ങി ലക്ഷങ്ങളുടെ കൃഷിനാശമാണ് മേഖലയില്‍ ഉണ്ടായത്. പെട്ടിമുടി ദുരന്തത്തിന്‍റെ അന്ന് തന്നെയാണ് മുട്ടുകാട് നിവാസികളെ ഭീതിയിലാഴ്‌ത്തിയ വലിയ ഉരുൾപൊട്ടൽ ഉണ്ടായത്.
ഇരുനൂറോളം ആദിവാസി കുടുംബങ്ങളാണ് ഇവിടെ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നത്. കൃഷികൾ പൂർണമായും നശിച്ചതോടെ ആദിവാസി ഊരുകള്‍ പട്ടിണിയിലാണ്. വെള്ളമിറങ്ങിയാലും കല്ലും മണ്ണും വന്ന് അടിഞ്ഞതിനെ തുടർന്ന് ഭൂമി വീണ്ടും കൃഷിക്കായി ഒരുക്കുവാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇതോടെ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന ആദിവാസികളുടെ മുന്നോട്ടുള്ള ജീവിതമാണ് ആശങ്കയിലായിരിക്കുന്നത്.