ഇടുക്കി: കൊവിഡ് പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന എസ്എല്‍എഫ് വായ്‌പാ പദ്ധതി, അടിമാലി സർവീസ് സഹകരണ ബാങ്ക് മാനദണ്ഡങ്ങള്‍ മറികടന്ന് വിതരണം നടത്തിയതായി സിപിഎമ്മിന്‍റെ ആരോപണം. സംസ്ഥാന സര്‍ക്കാര്‍ സഹകരണബാങ്കുകള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടപ്പിലാക്കിയതായി സിപിഎം ആരോപിക്കുന്നത്. ബാങ്കിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്‌ച മുതല്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സിപിഎമ്മിന്‍റെ ആവശ്യം. സംസ്ഥാന സര്‍ക്കാരിന്‍റെ സഹായഹസ്‌തം വായ്‌പാ പദ്ധതിയുമായി ബന്ധപ്പെട്ട എസ്എല്‍എഫ് അടിമാലി സർവീസ് സഹകരണബാങ്കില്‍ ഇഷ്ടകാര്‍ക്ക് തോന്നും വിധം ലഭ്യമാക്കിയെന്നാണ് ആരോപണം.
കുറഞ്ഞ നിരക്കില്‍ കാര്‍ഷിക വായ്‌പകളും സ്വര്‍ണ്ണപ്പണയ വായ്‌പകളും ആവശ്യക്കാർക്ക് ലഭ്യമാക്കണമെന്നിരിക്കെ ഭരണസമിതിയംഗങ്ങള്‍ ഇതിന് തയ്യാറായില്ലെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച മുതല്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്നും സിപിഎം അടിമാലി ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി സി.ഡി. ഷാജി പറഞ്ഞു. മൊത്തം അഞ്ചു കോടി രൂപ ബാങ്കിന് എസ്എല്‍എഫ് വായ്‌പാ പദ്ധതിയിലൂടെ ലഭിച്ചതായി സിപിഎം വ്യക്തമാക്കി. ഇതില്‍ മൂന്ന് കോടി രൂപ സ്വര്‍ണ്ണപ്പണയത്തിന്‍മേലും രണ്ടു കോടി രൂപ മറ്റ് വായ്‌പകള്‍ക്കുമായി വിനിയോഗിക്കേണ്ടിയിരുന്നു എന്നാണ് സിപിഎം നേതാക്കളുടെ വാദം. ശനിയാഴ്‌ച നടക്കുന്ന സമരത്തിന്‍റെ ഉദ്ഘാടനം സിപിഎം അടിമാലി ഏരിയാ സെക്രട്ടറി ടി.കെ. ഷാജി നിർവഹിക്കും. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നുമുള്ള ആവശ്യവുമായി വരും ദിവസങ്ങളില്‍ സമരവുമായി മുമ്പോട്ട് പോകാനാണ് സിപിഎമ്മിന്‍റെ തീരുമാനം.