എറണാകുളം/ഇടുക്കി: ഭരിക്കുന്ന പാർട്ടിക്ക് എന്ത് കോടതി, ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ ഇടുക്കിയില്‍ പാർട്ടി ഓഫീസുകളുടെ നിർമാണത്തില്‍ കോടതിയേയും കബളിപ്പിച്ച് സിപിഎം. ഇടക്കാല ഉത്തരവ് നിലനില്‍ക്കെ ശാന്തൻപാറയിലെ സി.പി.എം പാർട്ടി ഓഫീസ് നിർമ്മാണം തുടർന്നതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ കോടതി ഉത്തരവിന്‍റെ പകർപ്പ് ഇതുവരെ ലഭിച്ചില്ലെന്നും പകർപ്പ് ലഭിക്കാതെ കലക്ടർക്ക് നടപടി സ്വീകരിക്കാനാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഇന്നലെയായിരുന്നു ഭൂപതിവ് ചട്ടം ലംഘിച്ചുള്ള ശാന്തൻപാറയിലെ സി.പി.എം പാർട്ടി ഓഫീസ് നിർമ്മാണം നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ ഈ ഉത്തരവ് നിലനിൽക്കവെ നിർമ്മാണം തുടർന്നുവെന്ന് അമിക്കസ് ക്യൂറി അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് കേസ് വീണ്ടും പരിഗണിച്ച കോടതി സർക്കാർ അഭിഭാഷകനെ വിളിച്ചു വരുത്തി അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.
ഉത്തരവിന്‍റെ പകർപ്പ് ലഭിച്ചില്ലെന്ന സർക്കാർ വിശദീകരണം അംഗീകരിച്ച കോടതി, ഉത്തരവിന്‍റെ പകർപ്പ് ഉടൻ കൈമാറാനും നിർദേശിച്ചു. ഉത്തരവിന്മേൽ സ്വീകരിച്ച നടപടികൾ ജില്ല കലക്ടർ അറിയിക്കണമെന്നും നാളെ വിഷയം വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. അതേസമയം, ഹൈക്കോടതി ഉത്തരവ് വന്നയുടൻ രാത്രിക്ക് രാത്രി പാർട്ടി ഓഫീസ് നിർമാണം പൂർത്തിയാക്കിയെന്നാണ് സിപിഎമ്മിന് എതിരായ ആരോപണം.
20 ഓളം തൊഴിലാളികളാണ് പുതിയ ഓഫീസിന്‍റെ വാതിലുകളും ജനാലകളും ഘടിപ്പിക്കുന്ന ജോലികളും ടൈൽ വർക്കുകളും നടത്തിയത്. പുലർച്ചെ നാല് മണി വരെ ജോലികൾ നടന്നതായാണ് വിവരം. എന്നാൽ കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നും കോടതി തങ്ങളുടെ ഭാഗം കേട്ടിട്ടില്ലെന്നും നിയമ പരമായി നേരിടുമെന്നുമാണ് സിപിഎം ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം.
അതേ സമയം നിർമ്മാണം നിർത്തിവെയ്ക്കുന്നതിന് ആവശ്യമെങ്കിൽ പൊലീസ് സഹായം തേടമെന്ന് കലക്ടറോട് കോടതി നിർദേശിച്ചിരുന്നതായും അക്കാര്യം കലക്‌ടർ പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്. ഉടുമ്പഞ്ചോല, ദേവികുളം താലൂക്കുകളിലെ ഏഴ് വില്ലേജുകളിലെ നിർമ്മാണ നിരോധനം മറികടന്നാണ് സിപിഎം പാർട്ടി ഓഫിസുകൾ നിർമ്മിയ്ക്കുന്നത്.
റവന്യൂ വകുപ്പിന്‍റെ എൻഒസി ഇല്ലാതെ ഈ മേഖലകളില്‍ വീട് പോലും നിർമ്മിക്കാനാവില്ല. ബൈസൺവാലിയിലെയും ശാന്തൻപാറയിലേയും നിർമ്മാണത്തിന് നേരത്തെ സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ചും നിർമ്മാണം തുടരുകയാണെന്നാണ് സിപിഎമ്മിന് എതിരായ ആരോപണം.