ഇടുക്കി: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആളെ റോഡിലിട്ട് പൊലീസ് മർദിച്ചെന്ന് ആരോപണം. നെടുങ്കണ്ടം പൊലീസിനെതിരെ സിപിഎം പ്രാദേശിക നേതൃത്വം ആണ് രംഗത്തെത്തിയത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര വകുപ്പിനും പരാതി നല്‍കുമെന്നും സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു. നെടുങ്കണ്ടം സ്റ്റേഷന്‍ പരിധിയില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. പെറ്റി കേസില്‍ ഒതുക്കേണ്ട സംഭവങ്ങള്‍ പോലും പൊലീസ് വലുതാക്കുകയാണെന്നും സിപിഎം നെടുങ്കണ്ടം ഏരിയാ കമ്മറ്റി ആരോപിച്ചു.
Read More: കൊവിഡ് രോഗിയെ പൊലീസ് നടുറോഡിലിട്ട് മർദിച്ചതായി പരാതി
കൊവിഡ് നിരീക്ഷണത്തിലായിരുന്ന നെടുങ്കണ്ടം ചോറ്റുപാറ തകടിയേൽ ലാലിനാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. മർദ്ദന ശേഷമാണ് ലാലിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ നെടുങ്കണ്ടത്ത് വാഹന ചെക്കിംഗ് നടത്തുകയായിരുന്ന ഗ്രേഡ് എസ് ഐ രാധാകൃഷ്ണൻ, ബൈക്കിലെത്തിയ ലാലിന്‍റെ ജേഷ്ഠൻ ലെനിനെ കൈകാണിച്ച് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ വാഹനം നിർത്താതെ ഓടിച്ചുപോയ ലെനിനെ തേടി വീട്ടിലെത്തിയ പൊലീസ് സംഘമാണ് വാക്കേറ്റത്തിനിടെ ലാലിനെ മർദ്ദിച്ചത്. ലാലിനെ വീട്ടിൽ നിന്നും വലിച്ചിഴച്ചു റോഡിലേക്ക് തള്ളിയിട്ടു തുടർന്ന് ബൂട്ടിട്ട് ചവിട്ടിയെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് നടത്താനിരുന്ന മാർച്ച് കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.