ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രി നടത്തിപ്പില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിമര്‍ശനവുമായി സിപിഐ അടിമാലി മണ്ഡലം കമ്മിറ്റി. താലൂക്ക് ആശുപത്രി നടത്തിപ്പില്‍ അഴിമതിയാണെന്ന് സിപിഐ അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ ആരോപിച്ചു. ആശുപത്രിയുടെ കാര്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിലപാട് വ്യക്തമാക്കണമെന്നും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും സിപിഐ മുന്നറിയിപ്പ് നല്‍കി.
ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തനക്ഷമം ആക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആശുപത്രിക്ക് മുമ്പില്‍ പ്രതീകാത്മക ലിഫ്റ്റ് സ്ഥാപിച്ചിരുന്നു. അനസ്‌തേഷ്യാ നല്‍കാത്തത് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ശസ്ത്രക്രിയക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നതും വലിയ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയുടെ നിയന്ത്രണ ചുമതലയുള്ള അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതിക്കെതിരെ സിപിഐ രംഗത്തെത്തിയത്.