ഇടുക്കി: ഉടുമ്പൻചോലക്ക് സമീപം ക്രഷർ യൂണിറ്റിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന നിശാ പാര്‍ട്ടിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു. പാർട്ടി നടക്കുമ്പോള്‍ പൊലീസ് സ്ഥലത്തെത്തിയിട്ടും നടപടിയെടുത്തില്ല. സമൂഹമാധ്യമങ്ങളിൽ നിശാപാർട്ടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതിന് ശേഷമാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. തണ്ണിക്കോട്ട് മെറ്റല്‍സിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ചത്. മന്ത്രി എംഎം മണിയാണ് ഓണ്‍ലൈനിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തത്.
വാര്‍ത്തകള്‍ പുറത്ത് വന്നതോടെ മൂന്നാം തീയതിയാണ് പൊലീസ് തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനെതിരെ കേസെടുത്തത്. ഉദ്ഘാടന പരിപാടിയിലും നിശാ പാര്‍ട്ടിയിലും ചില രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തതായും ആരോപണമുണ്ട്. അതുകൊണ്ട് തന്നെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസിന്‍റെ നീക്കം. എന്നാല്‍ ക്രഷര്‍ യൂണിറ്റ് സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ തരിശ് ഭൂമിയിലാണെന്നും മുമ്പ് ജില്ലാ ഭരകൂടം സ്റ്റോപ് മെമ്മോ നല്‍കി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നതായും ആരോപണം ഉയരുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങുകയാണ്. ജില്ലാ ഭരണകൂടം ഇടപെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.