ഇടുക്കി: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ വൈറസിന്‍റെ സമൂഹ വ്യാപനം തടയാന്‍ മൂന്നാറില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ പൊലീസും ആരോഗ്യവകുപ്പും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന രണ്ടാഴ്‌ച മൂന്നാറില്‍ വിനോദസഞ്ചാരത്തിന് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തി. ടൗണില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഓട്ടോറിക്ഷകളും ജീപ്പുകളും അനുവദിക്കില്ലെന്ന് ദേവികുളം സബ് കലക്‌ടര്‍ പ്രേം കൃഷ്‌ണന്‍ പറഞ്ഞു.
മൂന്നാര്‍ പഞ്ചായത്ത് പരിധിയില്‍ കടകള്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കൂ. ആളുകള്‍ കൂടുതലായി പങ്കെടുക്കുന്ന വിവാഹങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും മൂന്നാറില്‍ നിയന്ത്രണമുണ്ട്. വിവാഹങ്ങള്‍ നടക്കുകയാണെങ്കില്‍ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണം. ഏറ്റവും കുറച്ചാളുകളെ മാത്രമേ വിവാഹങ്ങളില്‍ പങ്കെടുപ്പിക്കാവൂ. ഏറ്റവും അത്യാവശ്യകാര്യങ്ങള്‍ക്കായി മാത്രമേ മൂന്നാറിലേക്കാളുകള്‍ എത്താന്‍ പാടുള്ളൂവെന്നും മൂന്നാറിലേക്കെത്തുന്നവരെ നിരീക്ഷിക്കാന്‍ ചെക്ക് പോയിന്‍റുകള്‍ സ്ഥാപിച്ച് ജാഗ്രത കൂടുതല്‍ ശക്തമാക്കുമെന്നും സബ് കലക്‌ടര്‍ വ്യക്തമാക്കി. കൊവിഡ് ഭീതിയെ തുടര്‍ന്ന് ജാഗ്രത പ്രഖ്യാപിച്ചത് മുതല്‍ മൂന്നാറില്‍ റിസോര്‍ട്ടുകളും കോട്ടേജുകളും പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്.