ഇടുക്കി: തൊടുപുഴ തോണിക്കുഴി കോളനിയിലെ വിവാദ 'ജാതി ഗേറ്റ്' ഭീം ആർമി പ്രവർത്തകർ പൊളിച്ചുനീക്കി. കോളനി നിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ കോടതിയലക്ഷ്യം ചുമത്തി പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാലാണിത്.
കാൽനൂറ്റാണ്ട് മുൻപ് സർക്കാർ പതിച്ച് നൽകിയ മിച്ച ഭൂമി സ്വീകരിച്ചെത്തിയവരാണ് തൊടുപുഴക്കടുത്ത് മുട്ടം ഇല്ലിചാരി തോണിക്കുഴി കോളനി നിവാസികൾ. അന്നുമുതൽ ഈ ഗേറ്റ് ചാടിക്കടന്നാണ് ഇവർ പുറം ലോകത്തേക്കും തിരിച്ചും സഞ്ചരിക്കുന്നത്. വനത്തിനും മലങ്കര എസ്റ്റേറ്റിനും ഇടയിലാണ് ഇവർക്ക് ഭൂമി ലഭിച്ചത്. എസ്റ്റേറ്റിലൂടെ പഞ്ചായത്ത് വഴിവെട്ടി നൽകിയെങ്കിലും എസ്റ്റേറ്റിന്‍റെ അതിർത്തിയിൽ ഉടമകൾ ഗേറ്റ് സ്ഥാപിക്കുകയായിരുന്നു. നിരന്തര സമരങ്ങൾക്ക് ഒടുവിൽ ഈ ഗേറ്റ് തുറന്നുകൊടുക്കാൻ കലക്ടർ ഉത്തരവിട്ടു. എന്നാൽ ഇത് ചോദ്യം ചെയ്ത മലങ്കര എസ്റ്റേറ്റ് ഉടമകൾക്ക് അനൂകൂലമായിരുന്നു കോടതി വിധി. അതോടെ കോളനി നിവാസികൾ വീണ്ടും പ്രതിസന്ധിയിലായി.
അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് ഗേറ്റ് തുറക്കാൻ അനുമതിയുണ്ടായിരുന്നത്. കോളനി നിവാസികൾ അടിസ്ഥാന വർഗത്തിൽപ്പെട്ടവരായതിനാലാണ് ദീർഘകാലമായി നീതി നിഷേധിക്കപ്പെടുന്നതെന്ന് ആരോപിച്ചാണ് ഭീം ആര്‍മി പ്രവർത്തകർ ഗേറ്റ് പൊളിച്ചു നീക്കിയത്.1993ൽ 40 കുടുബങ്ങൾക്കാണ് തോണിക്കുഴിയിൽ സർക്കാർ ഭൂമി നൽകിയത്. എന്നാൽ വഴിയില്ലാത്ത സ്ഥലത്ത് ലഭിച്ച ഭൂമിയിൽ 12 കുടുംബങ്ങൾ മാത്രമാണ് വീട് നിർമ്മിച്ചത്. അതിൽ പല കുടുംബങ്ങളും പിന്നീട് ഇവിടെ നിന്ന് മാറിപ്പോയി.
സ്ഥലം നൽകിയപ്പോൾ ഉറപ്പ് നൽകിയ വഴി,വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ലഭ്യമാക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം. അതേസമയം പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് കടന്നുപോകാന്‍ നടപ്പ് വഴി അനുവദിച്ചിരുന്നതായും അത്യാവശ്യ സമയങ്ങളില്‍ ഗേറ്റ് തുറക്കാന്‍ താക്കോല്‍ പ്രദേശത്തെ താമസക്കാരനെ ഏല്‍പ്പിച്ചിരുന്നതായും മലങ്കര എസ്‌റ്റേറ്റ് മാനേജര്‍ പറഞ്ഞു.