ഇടുക്കി: ഇടുക്കിയിൽ ഒരു ഇടവേളയ്ക്ക് ശേഷം കൊവിഡ് ആശങ്ക വര്‍ധിക്കുന്നു. രാജാക്കാട് പഞ്ചായത്ത് പൂര്‍ണമായും കണ്ടെയിന്‍മെന്‍റ് സോണാക്കി. സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് രാജാക്കാട് ഗ്രാമ പഞ്ചായത്ത് പൂര്‍ണമായും കണ്ടെയിന്‍മെന്‍റ് സോൺ ആയി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടര്‍ ഉത്തരവിറക്കിയത്.
കഴിഞ്ഞ ഞായറാഴ്ച ഹൃദ് രോഗത്തെ തുടര്‍ന്ന് മരണപ്പെട്ട എന്‍ ആര്‍ സിറ്റി സ്വദേശിനിയായ വീട്ടമ്മയ്ക്ക് രോഗബാധ സ്ഥിരീകരിച്ചരുന്നു. പുറത്ത് എങ്ങും യാത്ര ചെയ്യാത്ത വീട്ടമ്മയ്ക്ക് രോഗബാധ ഉണ്ടായത് എങ്ങനെയെന്നതും വ്യക്തമല്ല. ഇതേ തുടര്‍ന്ന് പഞ്ചായത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിന് ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ നടത്തിയ ആന്റിജെന്‍ ടെസ്റ്റുകളില്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗ വ്യാപാനം തടയുകയെന്ന ലക്ഷ്യത്തോടെ രാജാക്കാട് പഞ്ചായത്ത് പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. രോഗബാധിതര്‍ ചികിത്സ തേടിയ രാജാക്കാട്ടിലെ രണ്ട് സ്വകാര്യ ആശിപത്രിയും രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രവും അടച്ചു. തോട്ടം കാര്‍ഷിക മേഖലയില്‍ സാധാരണക്കാര്‍ക്കടക്കം രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യം കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്.
ഇന്ന് ഇടുക്കിയില്‍ പുതിയ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയിതിട്ടില്ലെങ്കിലും ഇനി പുറത്ത് വരാനിരിക്കുന്ന 578 പരിശോധനാ ഫലങ്ങള്‍ ഏറെ നിര്‍ണായകമാണ്. മരിച്ചതിന് ശേഷം കൊവിഡ് സ്ഥിരീകരിച്ച വീട്ടമ്മയുടെ കുടുംബാംഗങ്ങളുടെ അടക്കം പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്. തമിഴ്‌നാട് തേനി ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതും ഇവിടെ നിന്നും തോട്ടം മേഖലകളിലേയ്ക്ക് നിരവധി ആളുകള്‍ എത്തുന്നതും ജില്ലയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.