ഇടുക്കി: കാന്തല്ലൂര്‍ പഞ്ചായത്തിലെ കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് പട്ടിശ്ശേരി - ചെങ്കലാറിന്‍റെ കുറുകെയുള്ള അണക്കെട്ടിന്‍റെ നിര്‍മാണം പുനരാരംഭിച്ചു. 2021 ഏപ്രിലില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ജലവിഭവ വകുപ്പ് ലക്ഷ്യമിടുന്നത്. 2014 ജൂലൈയില്‍ ആരംഭിച്ച പദ്ധതി ഇടക്ക് വച്ച് മുടങ്ങുകയായിരുന്നു. പാറകളുടെ ഘടനാ വ്യത്യാസം മൂലം അണക്കെട്ടിന്റെ രൂപഘടനയില്‍ മാറ്റം വരുത്തേണ്ടി വന്നതിനാലാണ് നിര്‍മാണ ജോലികള്‍ നിലച്ചത്. ഒരു മില്യണ്‍ മീറ്റര്‍ ക്യൂബാണ് അണക്കെട്ടിന്‍റെ സംഭരണ ശേഷി. 46.8 കോടി രൂപയാണ് നിര്‍മാണത്തിന് കണക്കാക്കുന്നത്. അണക്കെട്ടിന് 140 മീറ്റര്‍ നീളവും 33 മീറ്റര്‍ ഉയരവുമുണ്ട്. അണക്കെട്ടിന്‍റെ നിര്‍മാണം പുനരാരംഭിച്ചതിന്‍റെ ആഹ്ളാദത്തിലാണ് കര്‍ഷകര്‍.
140 മീറ്റര്‍ ഭിത്തിയില്‍ മധ്യഭാഗത്തു വരുന്ന 55 മീറ്റര്‍ ഭിത്തി കോണ്‍ക്രീറ്റ് ഉപയോഗിച്ചും ശേഷിക്കുന്ന ഭിത്തി മണ്ണുപയോഗിച്ച് തീര്‍ക്കുവാനുമാണ് ജലവിഭവ വകുപ്പിന്‍റെ തീരുമാനം. ജലസേചനത്തിന് പുറമെ വൈദ്യുതി ഉൽപാദിപ്പിക്കാനും അധികൃതര്‍ക്ക് ആലോചനയുണ്ട്.