ഇടുക്കി: പൂപ്പാറ മുള്ളംതണ്ടിൽ ശക്തമായ മഴയ്‌ക്കൊപ്പം നിറം മാറി ഒഴുകിയ നീരുറവ ആശങ്ക ഉയർത്തി. പൂപ്പാറ മുള്ളംതണ്ടിൽ തുരുത്ത് കുടിയിൽ ഉണ്ണിയുടെ കൃഷിയിടത്തിലൂടെ ഒഴുകുന്ന നീർച്ചാലിലാണ് നിറം മാറ്റം കണ്ടത്. മുമ്പുണ്ടായിരുന്നതിലും നീരൊഴുക്ക് ശക്തമാവുകയും വെള്ളത്തിൻ്റെ നിറം മാറിയതിനൊപ്പം മണലും ചെളിയും ഒഴുകിയെത്തുകയും ചെയ്‌തു.
തുടർന്ന് ഉടുമ്പൻചോല തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഉരുൾപ്പൊട്ടൽ സാധ്യത മുന്നിൽ കണ്ട് 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജില്ല കലക്‌ടറുടെ നിർദേശപ്രകാരം ജില്ല ജിയോളജിസ്റ്റിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മണ്ണിനടിയിൽ നിന്നും വരുന്ന നിരുറവയുടെ ഉറവിടം കണ്ടെത്തുന്നതിനായി കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും ജില്ല ജിയോളജിസ്റ്റ് സുനിൽകുമാർ പറഞ്ഞു. ഉറവയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ജില്ല കലക്‌ടർക്ക് നൽകും.
മഴ ശക്തമാകുമെന്ന് അറിയിപ്പുള്ളതിനാൽ ജില്ല കലക്‌ടറുടെ നിർദേശം അനുസരിച്ച് മാത്രമേ കുടുംബങ്ങൾ തിരികെ വീടുകളിലേയ്ക്ക് എത്താവു എന്നും ജിയോളജിക്കൽ വിഭാഗം വ്യക്തമാക്കി. നിലവിൽ 15 കുടുംബങ്ങളും ബന്ധുവീടുകളിലാണ് കഴിയുന്നത്.
Also read: മൊട്ടക്കുന്നുകള്‍ക്ക് നടുവിലെ പച്ചപ്പ് തേടി പൂപ്പാറയിലേക്ക്