ഇടുക്കി: ഇടുക്കി ചാഴിക്കാട് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകിയതായി പരാതി. കൊവിഡ് ബാധിച്ച് മരിച്ച കുമളി സ്വദേശി മാടത്തുപറമ്പിൽ സോമൻ്റെ (51) ബന്ധുക്കൾക്കാണ് മൂന്നാർ സ്വദേശിയായ പച്ചയപ്പൻ്റെ മൃതദേഹം മാറ്റി നൽകിയത്. സംസ്‌കാരത്തിനിടെ സംശയം തോന്നിയ ബന്ധുക്കൾ മൃതദേഹം പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്.
മൃതദേഹം വിട്ടുകിട്ടുന്നതിനായി സോമൻ്റെയും പച്ചയപ്പൻ്റെയും ബന്ധുക്കൾ രാവിലെ മോർച്ചറിയിൽ എത്തിയിരുന്നു. ഒരേ സമയം രണ്ട് മൃതദേഹവും വിട്ടുനൽകുന്നതിനിടെയാണ് ആശുപത്രി അധികൃതർക്ക് തെറ്റ് പറ്റിയത്. പി.പി.ഇ കിറ്റിൽ പൊതിഞ്ഞ സോമൻ്റെ മൃതദേഹത്തോടൊപ്പം സോമൻ കുമാരൻ എന്ന് രേഖപ്പെടുത്തിയ ബാഗും വസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് നൽകിയിരുന്നു. ഇതിനാൽ മറ്റ് സംശയങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ സംസ്‌കരിക്കുന്നതിനായി എടുത്തപ്പോഴാണ് മൃതദേഹത്തിൽ പച്ചയപ്പൻ്റെ പേരും വിലാസവും പതിച്ചിരുന്ന സ്റ്റിക്കർ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് മൃതദേഹം മാറിപ്പോയതായി ബന്ധുക്കൾക്ക് മനസിലായത്.
Also read: നയപ്രഖ്യാപനം; കേന്ദ്രത്തിന് രൂക്ഷ വിമർശനമില്ല
സംഭവം അറിഞ്ഞെത്തിയ കുമളി പൊലീസ് ആശുപത്രി അധികൃതരുമായി സംസാരിച്ചു. ഈ സമയത്തും പച്ചയപ്പൻ്റെ ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകിയിരുന്നില്ല. തൊടുപുഴയിലുള്ള മൃതദേഹം കുമളിയിൽ എത്തിക്കാനും പച്ചയപ്പൻ്റെ മൃതദേഹം മൂന്നാറിലേക്ക് കൊണ്ടുപോകാനും പൊലീസ് നിർദേശം നൽകി. അതേസമയം ആശുപത്രി അധികൃതരുടെ കൃത്യവിലോപം സംബന്ധിച്ച് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.