ഇടുക്കി : ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തമിഴ്‌നാട്ടിലേയ്ക്ക് കടത്തി വിവാഹം നടത്തുന്ന സംഭവങ്ങളില്‍ മനുഷ്യ കടത്തിന് കേസെടുക്കും. കുട്ടികളുടെ സുരക്ഷയ്ക്കായി ഗ്രാമ പഞ്ചായത്ത് തലങ്ങളില്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ ചൈല്‍ഡ് ലൈനിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനം.
ജില്ലയില്‍ ഒരു വര്‍ഷം 15ഓളം ശൈശവ വിവാഹങ്ങളാണ് നടക്കുന്നത്. ലോക്‌ഡൗണ്‍ കാലത്ത് ഇടുക്കിയിലെ നെടുങ്കണ്ടം ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷന്‍ പരിധികളിലായി ഏഴ് ശൈശവ വിവാഹങ്ങള്‍ നടന്നെന്ന് ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തുടർന്ന് അടിയന്തര അന്വേഷണം നടത്താന്‍ ഇന്‍റലിജന്‍സ് എഡിജിപി ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ അടിയന്തര യോഗം ഉടുമ്പന്‍ചോലയില്‍ ചേര്‍ന്നത്.
Also Read: ലോക്ക്ഡൗണിൽ ഇടുക്കിയിൽ നടന്നത് ഏഴ് ശൈശവ വിവാഹം; വിശദമായ അന്വേഷണത്തിന് നിർദേശം
അതിര്‍ത്തി മേഖലകളിലെ 10 ഗ്രാമപഞ്ചായത്തുകളില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായാണ് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വകുപ്പിന്‍റെ കണ്ടെത്തല്‍. കുട്ടികളെ തമിഴ്‌നാട്ടിലേയ്ക്ക് കടത്തി വിവാഹം നടത്തുകയോ വിവാഹ ആലോചന നടത്തുകയോ ചെയ്‌താല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിയ്ക്കാനാണ് തീരുമാനം. സ്‌കൂള്‍ വിദ്യാഭ്യാസം പാതി വഴിയില്‍ അവസാനിപ്പിച്ച പെണ്‍കുട്ടികളെക്കുറിച്ചും പ്രത്യേക അന്വേഷണം നടത്തും.
തോട്ടം മേഖലയില്‍ കുട്ടികള്‍ക്കെതിരെയും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കും. തമിഴ് ഭൂരിപക്ഷ മേഖലകളില്‍ തമിഴില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിയ്ക്കും. മാതാപിതാക്കള്‍ വീടുകളില്‍ ഇല്ലാത്ത സമയങ്ങളില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് അംഗനവാടികള്‍ കേന്ദ്രീകരിച്ച് ഒത്തുചേരുന്നതിന് സൗകര്യം ഒരുക്കും. അവധിക്കാലങ്ങളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതികള്‍ ഉടുമ്പന്‍ചോല പഞ്ചായത്ത് നടപ്പിലാക്കും.