ഇടുക്കി: കമ്പത്ത് അഭിഭാഷകനെ വെട്ടി കൊലപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. ഇതോടെ നാലംഗ സംഘമാണ് കൊല ചെയ്‌തതെന്ന് വ്യക്തമായി. കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും, അഭിഭാഷകരും കൊട്ടാരക്കര - ദിണ്ഡുങ്കൽ ദേശീയ പാത ഉപരോധിച്ചു. പിന്നീട് പൊലീസെത്തി ചർച്ച നടത്തിയാണ് ഇവരെ മാറ്റിയത്. സംഭവത്തിൽ സംശയമുള്ള അഞ്ചു പേർക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് വീട്ടിലേക്കുള്ള യാത്രാമധ്യേ അഭിഭാഷകനായ രഞ്ജിത്ത് കൊല്ലപ്പെടുന്നത്. തനിക്ക് വധഭീഷണി ഉണ്ടെന്ന പരാതി രഞ്ജിത്ത് കമ്പം പൊലീസ് സ്റ്റേഷനിൽ നൽകിയിരുന്നു.എന്നാൽ ഇത് പൊലീസ് ഗൗരവത്തിൽ എടുക്കാത്തതാണ് അഭിഭാഷകൻ കൊല്ലപ്പെടാൻ കാരണമെന്ന് ബന്ധു ആരോപിച്ചു. മൃതദേഹം തേനി മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിനായി എത്തിച്ചെങ്കിലും ബന്ധുക്കളുടെ എതിർപ്പു മൂലം ഉത്തമ പാളയം സർക്കാർ ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.