ഇടുക്കി: മൂന്നാറില്‍ വിനോദ സഞ്ചാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതിര്‍ത്തി പ്രദേശമായ തേനിയില്‍ ജാഗ്രത നിര്‍ദേശം. കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കിയ ശേഷമാണ് അതിര്‍ത്തി കടത്തിവിടുന്നത്. അതിര്‍ത്തി കടന്നെത്തുന്ന ആളുകളേയും പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് മേഖലയിലേക്ക് കടത്തിവിടുന്നത്. തമിഴ്‌നാട് ആരോഗ്യ വകുപ്പിന്‍റേയും പൊലീസിന്‍റേയും നേതൃത്വത്തിലാണ് പരിശോധന. ആശങ്കയില്ലെന്നും സര്‍ക്കാര്‍ കാര്യക്ഷമതയോടാണ് ഇക്കാര്യത്തില്‍ ഇടപെടുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
അതേസമയം തമിഴ്‌നാട് ബോഡിനായ്‌ക്കന്നൂര്‍ മേഖലയില്‍ നിന്നും ഇടുക്കിയിലേക്ക് വരുന്ന തൊഴിലാളി വാഹനങ്ങള്‍ മാര്‍ച്ച് 31 വരെ വിലക്കി. അതിര്‍ത്തി കടന്നെത്തുന്ന ചരക്ക് വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാരികളുള്‍പ്പെടെയുള്ള യാത്രക്കാരുടെ വാഹനങ്ങള്‍ കര്‍ശനമായ പരിശോധനക്ക് ശേഷമാണ് അതിര്‍ത്തി കടത്തിവിടുന്നത്. കൊറോണ വൈറസിന് പുറമേ പക്ഷിപ്പനിയും റിപ്പോര്‍ട്ട് ചെയ്‌തതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ മൃഗസംരക്ഷണ വകുപ്പും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.