ഇടുക്കി: തൊടുപുഴയിൽ മയക്കുമരുന്ന് കേസിലെ പ്രതിയെന്ന് സംശയിച്ച് പിടികൂടിയത് നിരപരാധിയെ. വെങ്ങല്ലൂർ സ്വദേശി ബാസിതിനെയാണ് എക്സൈസ് ഉദ്യോഗസ്ഥർ ആളു മാറി പിടികൂടിയത്. യുവാവിനെ മർദിച്ചെന്ന പരാതിയില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.
മയക്കുമരുന്ന് കേസിലെ പ്രതി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൂട്ടുപ്രതിയായ ബാസിത് എന്നയാളെ പിടികൂടാനെത്തിയതായിരുന്നു എക്സൈസ് സംഘം. എന്നാല്‍ വെങ്ങല്ലൂർ സ്വദേശി ബാസിതിനെയാണ് എക്സൈസ് പിടികൂടിയത്. ബാസിതിനെ മർദിയ്ക്കുകയും കൈവിലങ്ങ് വച്ച് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകാന്‍ ശ്രമിയ്ക്കുകയും ചെയ്‌തു.
നാട്ടുകാർ പ്രതിഷേധിച്ചതോടെ എക്സൈസ് സംഘം പിന്‍വാങ്ങി. പരിക്കേറ്റ യുവാവ് ചികിത്സ തേടി. തുടര്‍ന്ന് മർദിച്ച അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസില്‍ പരാതിയും നല്‍കി. തൊടുപുഴ എക്സൈസ് ഇന്‍സ്‌പെക്‌ടര്‍ ഉള്‍പ്പെടെ മൂന്ന് പേർക്കെതിരെയാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്.
അതേസമയം, നാട്ടുകാരാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് എക്സൈസിന്‍റെ വിശദീകരണം. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന എക്സൈസിന്‍റെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Also read: തൃക്കരിപ്പൂരിൽ വീട് കുത്തിത്തുറന്ന് 35 പവൻ കവര്‍ന്നു