ഇടുക്കി : വിലയിടിവ് ജില്ലയിലെ ഏലം കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. 750 രൂപ മുതല്‍ 850 രൂപ വരെയാണ് ശരാശരി ഒരു കിലോ ഏലക്കായ്ക്ക് കര്‍ഷകര്‍ക്കിപ്പോള്‍ ലഭിക്കുന്ന വിപണി വില. വളത്തിന്‍റെയും കീടനാശിനികളുടെയും മുടക്കുമുതലിനൊപ്പം തൊഴിലാളികളുടെ കൂലി കൂടി നല്‍കി കഴിഞ്ഞാല്‍ ലാഭമൊന്നും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.
വിലയിടിവിനൊപ്പം ഇത്തവണത്തെ അധിക മഴമൂലം ഏലക്കായ ചീഞ്ഞ് ഉത്പാദനക്കുറവും സംഭവിച്ചിട്ടുണ്ട്. വലിയ പാട്ടത്തുക നല്‍കി ഏലം കൃഷിക്കായി ഭൂമിയെടുത്ത കര്‍ഷകരും പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു.
വളത്തിനും കീടനാശിനികള്‍ക്കും മറ്റും കഴിഞ്ഞ കുറേ നാളുകള്‍ കൊണ്ട് വലിയ തോതില്‍ വില വര്‍ധനവുണ്ടായിട്ടുണ്ട്. ഇതും ഏലം കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
നാളുകള്‍ക്ക് മുമ്പ് ഏലക്കായ്ക്ക് ഉയര്‍ന്ന വില ലഭിച്ചതോടെ കൂടുതല്‍ കര്‍ഷകര്‍ മറ്റ് വിളകള്‍ ഉപേക്ഷിച്ച് ഏലം കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. വരുമാനത്തില്‍ കാര്യമായ മിച്ചം ലഭിക്കാതായതോടെ ഇവരും പ്രതിസന്ധിയിലായി.