ഇടുക്കി: ഏലം കർഷകർക്ക് ആശ്വാസമായി ഓണക്കിറ്റിൽ ഇത്തവണ ഏലക്കായും. ഇടുക്കിയിലെ ഏലം കർഷകർക്ക് ആശ്വാസമാകുകയാണ് സർക്കാരിന്‍റെ ഈ തീരുമാനം. രണ്ട് ലക്ഷം കിലോയോളം ഏലക്കയാണ് ഇതിനായി സർക്കാർ സംഭരിക്കുന്നത്. സർക്കാർ തീരുമാനം വന്നതോടെ ഏലം വിലയിലും നേരിയ വർധനവുണ്ടായി.
രണ്ടു വർഷം മുമ്പ് 6000 രൂപ വരെ വിലയുണ്ടായിരുന്ന ഏലത്തിന് ഇപ്പോൾ ലഭിക്കുന്നത് 1000 രൂപയിൽ താഴെയാണ്. ഇടുക്കി ജില്ല പഞ്ചായത്ത് മുന്നോട്ട് വച്ച ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചതോടെയാണ് കർഷകർക്ക് ഇതൊരു ആശ്വാസ തീരുമാനമായത്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് ഇതിനായുള്ള ഏലക്ക സംഭരിക്കുക.
സർക്കാർ തീരുമാനം വന്നതോടെ ഒരു കിലോ ഏലത്തിന് 100 രൂപയുടെ വർധനവ് ഉണ്ടായി. മുമ്പ് തമിഴ്നാട് സർക്കാർ പൊങ്കൽ കിറ്റിലും ഏലക്ക ഉൾപ്പെടുത്തിയിരുന്നു.
ഏലത്തിന്‍റെ വില കുത്തനെ ഇടിയുന്നതിനെതിരെ കിസാൻ സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ച് കേന്ദ്രങ്ങളിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഏലം വിലയിടിവിനെതിരെ കർഷകർ വലിയ പ്രതിസന്ധിയിലായിരുന്നു.
READ MORE: ഇടുക്കിയിൽ ഏലം അഴുകൽ രോഗം വ്യാപകം