ഇടുക്കി: സംസ്ഥാനത്ത് ലോക്ക് ഡൗൺ കാലത്ത് ചെറുകിട ഏലം, തേയിലത്തോട്ടങ്ങളുടെ ദൈനംദിന പ്രവർത്തനം പ്രതിസന്ധിയിൽ. കൃത്യമായ ഇടവേളകളിൽ പച്ചക്കൊളുന്ത് നുള്ളി എടുക്കുവാൻ കഴിയാതെ വന്നതോടെ തേയില കൊളുന്ത് നശിച്ചുപോകുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. ഏലത്തോട്ടങ്ങളിൽ വളപ്രയോഗം നടത്തേണ്ട സമയവുമാണ് ഇപ്പോൾ. എന്നാൽ ഇതും ലോക്ക് ഡൗൺ കാരണം മുടങ്ങിയിരിക്കുകയാണ്.
Read more: കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പില്‍ പിളര്‍ന്ന ദാമ്പത്യം
കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ സമൃദ്ധമായി ലഭിച്ചതിനാൽ പച്ചക്കൊളുന്ത് ഉൽപാദനം കൂടിയിട്ടുണ്ട്. രണ്ട് ഹെക്‌ടറിനു മുകളിൽ തേയിലക്കൃഷി ചെയ്യുന്ന കർഷകർക്ക് പുറത്ത് നിന്നു തൊഴിലാളികളെ എത്തിച്ചു മാത്രമേ പണികൾ മുന്നോട്ടു കൊണ്ടു പോകുവാൻ കഴിയൂ. എന്നാൽ ഇത്തരത്തിൽ തൊഴിലാളികളെ പൊലീസ് തടയുന്നത് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളുടെ വരവ് പൂർണമായി നിലച്ചതോടെ പണികളും മുടങ്ങിയിരിക്കുകയാണ്. ലേലം നിലച്ചതോടെ ഏലത്തിൻ്റെ വില ദിനംപ്രതി കുറയുകയാണ്.
ഏലം, തേയിലത്തോട്ടങ്ങളുടെ പ്രവർത്തനത്തിന് സഹായകരമായ നിലപാട് ലോക്ക് ഡൗൺ കാലത്ത് ഉണ്ടാകണം. പച്ചക്കൊളുന്ത് ഫാക്‌ടറികളിലേക്ക് കൊണ്ടു പോകുന്ന വാഹനങ്ങൾക്ക് അനുമതി നൽകണം. ലോക്ക് ഡൗണിൻ്റെ മറവിൽ പച്ചക്കൊളുന്തിൻ്റെ വില ഗണ്യമായി കുറക്കുന്നതിന് ഏജൻ്റുമാർ ശ്രമിക്കുന്നത് തടയണം എന്നിവയാണ് പ്രധാനമായും കർഷകരുടെ ആവശ്യം.