ഇടുക്കി : നെടുങ്കണ്ടം ചെമ്മണ്ണാറില്‍ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടയാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമ രാജേന്ദ്രന്‍ അറസ്റ്റില്‍. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെ കൊലപ്പെടുത്തിയത് രാജേന്ദ്രനാണെന്ന് പൊലീസ് അറിയിച്ചു. രാജേന്ദ്രനും ജോസഫും തമ്മിലുണ്ടായ മൽപ്പിടുത്തത്തിനിടെ കഴുത്ത് ഞെരിഞ്ഞാണ് ജോസഫ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
ജോസഫിൻ്റെ കഴുത്തിനുള്ളിലെ എല്ലുകൾ പൊട്ടി ശ്വാസതടസമുണ്ടായാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകമെന്ന് സൂചന ലഭിച്ചതോടെ ഉടുമ്പൻചോല സിഐ ഫിലിപ് സാം, നെടുങ്കണ്ടം സിഐ ബി.എസ് ബിനു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിന് ജില്ല പൊലീസ് മേധാവി ആർ കറുപ്പ് സ്വാമി രൂപം നൽകിയിരുന്നു. ബുധനാഴ്‌ച രാത്രി 12 മണിയോടെയാണ് രാജേന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Read more: മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി
ജൂലൈ അഞ്ചിന് പുലര്‍ച്ചെയാണ് മോഷണ ശ്രമമുണ്ടായത്. രാജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫിന്‍റെ കൈ തട്ടി ചാർജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈൽ ഫോൺ നിലത്ത് വീണു. ശബ്‌ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ഇരുവരും തമ്മിൽ മൽപ്പിടിത്തമുണ്ടാവുകയുമായിരുന്നു.
ഓടി രക്ഷപ്പെട്ട ജോസഫിനെ 150 മീറ്റർ അകലെ മറ്റൊരു വീടിന്‍റെ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തി. സ്ഥലത്ത് മൽപ്പിടുത്തം നടന്നതിൻ്റെ സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. തന്നെ കടിച്ച് പരിക്കേൽപ്പിച്ച ശേഷം ജോസഫ് രക്ഷപ്പെട്ടുവെന്നാണ് രാജേന്ദ്രൻ മൊഴി നല്‍കിയത്.
മല്‍പ്പിടിത്തത്തിനിടെ രാജേന്ദ്രൻ ജോസഫിന്‍റെ കഴുത്ത് ഞെരിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കാനുണ്ടെന്ന് ഉടുമ്പൻചോല പൊലീസ് അറിയിച്ചു. വിരലടയാള വിദഗ്‌ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അതേസമയം, പരിക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.