ഇടുക്കി: നിർമാണസാമഗ്രികളുടെ അഭാവത്തിൽ പ്രതിസന്ധിയിലായി ഇടുക്കിയിലെ കെട്ടിട നിർമാണമേഖല. പാറയും മണലും ഉൾപ്പടെയുള്ള അസംസ്‌കൃത വസ്‌തുക്കളുടെ അഭാവം സര്‍ക്കാരിന്‍റെ ഭവന നിര്‍മാണ പദ്ധതികൾ നടപ്പിലാക്കുന്നതിലും തടസമായി. പുറത്തുനിന്നും നിർമാണ സാമഗ്രികള്‍ എത്തിക്കുന്നതിന് വന്‍തുക മുടക്കേണ്ടി വരുന്നതിനാൽ റോഡുകളടക്കം ടാറിങ്ങ് നടത്തുന്നതിന് കരാറെടുക്കാന്‍ കോണ്‍ട്രാക്‌ടര്‍മാരും തയ്യാറാകുന്നില്ല. ലൈഫ് പദ്ധതിയുടെ നിർമാണമടക്കം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് നിലവില്‍ പുഴകളില്‍ അടിഞ്ഞ് കിടക്കുന്ന മണല്‍ വാരുന്നതിന് അനുമതി നല്‍കണമെന്ന ആവശ്യം ഉയരുന്നത്.
കഴിഞ്ഞ മഴക്കാലത്ത് അണക്കെട്ടുകളിലും പുഴകളിലും വന്‍തോതില്‍ മണല്‍ അടിഞ്ഞ് കൂടിയിരുന്നു. ഇത് അണക്കെട്ടുകളുടെ സംഭരണ ശേഷി കുറയുന്നതിനും കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മണൽ ലേലം ചെയ്ത് നല്‍കിയാല്‍ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് കോടികളുടെ വരുമാനം ഉണ്ടാക്കാനാകും. ഒപ്പം നിർമാണ സാമഗ്രികളുടെ ലഭ്യതാ കുറവ് പരിഹരിക്കാനും സാധിക്കും. അതിനാൽ തന്നെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നാണ് മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ ആവശ്യപ്പെടുന്നതും.