ഇടുക്കി: സംരക്ഷിത വനങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിദേര്‍ശിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളം നല്‍കിയ പുനപരിശോധന ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ 11 ലേക്ക് മാറ്റി. എന്നാല്‍, ബഫര്‍ സോണ്‍ പരിധി നിര്‍ബന്ധമാക്കി കൊണ്ടുള്ള 2022 ജൂണ്‍ 3ലെ സുപ്രീംകോടതി വിധി വരുന്നതിന് 5 മാസം മുന്‍പ് ഒരു കിലോമീറ്ററിലധികം ബഫര്‍ സോണ്‍ പ്രഖ്യാപിച്ച് അന്തിമ വിജ്ഞാപനം ഇറങ്ങിയ മതികെട്ടാന്‍ചോലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.
പുനപരിശോധന ഹര്‍ജിയില്‍ വിധി സര്‍ക്കാരിന് അനുകൂലമായാലും സംസ്ഥാനത്ത് ആദ്യമായി ബഫര്‍ സോണ്‍ അന്തിമ വിജ്ഞാപനം ഇറങ്ങിയ മതികെട്ടാന്‍ചോലയുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുമെന്നാണ് നിയമ വിദഗ്‌ധര്‍ പറയുന്നത്. യാതൊരു പഠനവും നടത്താതെയാണ് കഴിഞ്ഞ ഡിസംബറില്‍ മതികെട്ടാന്‍ചോലയുടെ ബഫര്‍ സോണ്‍ അന്തിമ വിജ്ഞാപനം ഇറങ്ങിയത്.
മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിന് ചുറ്റുമുള്ള ജനവാസ മേഖലകള്‍ ബഫര്‍ സോണിലുള്‍പ്പെടുത്തിയ അന്തിമ വിജ്ഞാപനം റദ്ദ് ചെയ്യാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് മാത്രമേ കഴിയൂ. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സംരക്ഷിത വനങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ഇഎസ്‍സെഡ് പരിധി നിശ്ചയിക്കണമെന്ന 2019ലെ മന്ത്രിസഭ തീരുമാനവും സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടും മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിന്‍റെ ബഫര്‍ സോണ്‍ അന്തിമ വിജ്ഞാപനത്തില്‍ നിര്‍ണായകമായെന്നാണ് വിവരം.
അന്തിമ വിജ്ഞാപനം ഇറങ്ങുന്നതിന് 6 മാസം മുന്‍പ് കരട് വിജ്ഞാപനം ഇറങ്ങിയെങ്കിലും സംസ്ഥാന സര്‍ക്കാരോ, പ്രാദേശിക ഭരണ കൂടങ്ങളോ ഭേദഗതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയോ സമയ ബന്ധിതമായി തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്‌തില്ല. ബഫര്‍ സോണ്‍ അന്തിമ വിജ്ഞാപനം ഇറക്കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആണെങ്കിലും ഇതിന് മുന്നോടിയായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത് വനം വകുപ്പാണ്.
ഉദ്യോഗസ്ഥര്‍ അവരുടെ ഇഷ്‌ടപ്രകാരം വനാതിര്‍ത്തി നിശ്ചയിച്ചതാണ് ജനവാസ മേഖലകള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടാന്‍ കാരണമെന്നാണ് ആരോപണം.