ഇടുക്കി: ഉപയോഗ ശേഷം ഉപേക്ഷിക്കുന്ന ചില്ല് കുപ്പികൾ ബോട്ടിൽ ലൈറ്റുകളാക്കി മാറ്റി വരുമാനം കണ്ടെത്തുകയാണ് മൂന്നാർ സ്വദേശികളായ മൂന്ന് യുവാക്കൾ. വലിച്ചെറിയപ്പെട്ട കുപ്പികൾക്കുള്ളിൽ ആരെയും ആകർഷിക്കും വിധം വർണ്ണ ലൈറ്റുകൾ ഒരുക്കി വേറിട്ട ആശയവുമായി വിപണി കീഴടക്കിയിരിക്കുകയാണിവർ. മൂന്നാർ സ്വദേശികളായ മണികണ്‌ഠൻ, ദിനേശ് കുമാർ, ഷേക്‌സ്‌പിയർ എന്നിവരാണ് ഉപയോഗശൂന്യമായി വലിച്ചെറിയുന്ന ചില്ല് കുപ്പികൾക്കുള്ളിൽ വർണ്ണ വെളിച്ചം വിതറി ബോട്ടിൽ ലൈറ്റ് തയ്യാറാക്കുന്നത്.
മൂന്നാർ ടൗണിൽ പോസ്റ്റോഫീസ് ജംഗ്ഷനിൽ രാത്രി നേരത്തെതത്തിയാൽ ബോട്ടിൽ ലൈറ്റ് വിൽപ്പന നടത്തുന്ന ഈ മൂവർ സംഘത്തെ കാണാം. എസ്റ്റേറ്റ് റോഡരികുകളിലും മറ്റും ഉപേക്ഷിക്കപ്പെട്ട ബിയർ കുപ്പികൾ വൃത്തിഹീനവും അപകടകരവുമായ സാഹചര്യം സൃഷ്‌ടിച്ചതോടെയാണ് ഇവർ കുപ്പികൾ പ്രയോജനപ്പെടുത്താനുള്ള ബദൽ മാർഗമാലോചിച്ചതും ബോട്ടിൽ ലൈറ്റ് എന്ന ആശയത്തിലേക്കെത്തിയതും.
വലിച്ചെറിയുന്ന കുപ്പികൾകൊണ്ട് ഇത്തരത്തിലുള്ള ലൈറ്റുകളുടെ വർണ്ണങ്ങൾ അതിശയിപ്പിക്കുന്നതാണെന്നും ഇങ്ങനെയുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ബിയർ കുപ്പിക്കുള്ളിൽ തയ്യാറാക്കുന്ന ബോട്ടിൽ ലൈറ്റിന് 150 രൂപയും വലിയ ബോട്ടിൽ ലൈറ്റിന് 200 രൂപയുമാണിവർ വിലയായി ഈടാക്കുന്നത്.
ഇത്തവണത്തെ കാർത്തിക മഹോത്സവത്തിന് വെള്ളമൊഴിച്ചാൽ പ്രകാശിക്കുന്ന കാർത്തിക വിളക്കും മൂവർ സംഘം തയ്യാറാക്കി. എണ്ണയും ചിരാതും വേണ്ടെന്നതാണ് കാർത്തിക വിളക്കിന്‍റെ പ്രത്യേകത. കൂടാതെ, കാറ്റിൽ വിളക്ക് അണയില്ലെന്നതും കൗതുകകരമായി.
പ്ലാസ്റ്റിക് കുപ്പികൾ എങ്ങനെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന ചിന്തയിലാണ് യുവാക്കൾ. പഞ്ചായത്തടക്കമുള്ള വകുപ്പുകളുടെ സഹായം ലഭിച്ചാൽ ഉപയോഗശുന്യമായ വസ്‌തുക്കളിൽ നിന്നും വേറിട്ട നിർമ്മിതികൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്.