ഇടുക്കി: അഞ്ചുരുളി ജലാശയത്തിൽ കുളിക്കാനിറങ്ങിയതിനിടെ കാൽ വഴുതി വീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അഗ്നി ശമന സേനയുടെ തൊടുപുഴയിൽ നിന്നുള്ള സ്കൂബാ ടീം നടത്തിയ തെരച്ചിലിനൊടുവിലാണ് നാല്പതടി താഴ്ചയില്‍ നിന്ന് മൃതദേഹം ലഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് സഹപാഠിയോടൊപ്പമാണ് വാഴവര പത്താം മൈൽ സ്വദേശിയായ അലൻ ടോമി ജലാശയത്തിൽ കുളിക്കാനെത്തിയത്. അഞ്ചുരുളിയിൽ നിന്നും ഒന്നരകിലോമീറ്റര്‍ മാറിയാണ് ഇരുവരും കുളിക്കാനിറങ്ങിയത്. ആദ്യമിറങ്ങിയ അലൻ കാൽ വഴുതി വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപാഠി അനന്ദുവാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്.
തുടർന്ന് പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വെളിച്ചക്കുറവും ഉപകരണങ്ങളുടെ ലഭ്യതക്കുറവുമാണ് തിരച്ചിലിന് തടസമായത്. തുടര്‍ന്ന് ഇന്ന് രാവിലെ എട്ട് മണി മുതൽ അഗ്നിശമന സേനയുടെ തൊടുപുഴയിൽ നിന്നെത്തിയ സ്കൂബാ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജലാശയത്തിൽ 40 അടി താഴ്ചയില്‍ പാറയിടുക്കിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കട്ടപ്പന പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.