ഇടുക്കി : വെള്ളയാംകുടിയില്‍ ട്രാൻസ്ഫോർമർ വേലിക്കുള്ളിൽ ബൈക്ക് വീണ് തലകീഴായി കുടുങ്ങിയ സംഭവത്തിൽ കർശന നിയമ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്ന വലിയകണ്ടം സ്വദേശി വിഷ്‌ണു പ്രസാദിന്‍റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് ആർടിഒ പി.എ നസീർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന് പുറമേ കെഎസ്‌ഇബിയുടെ പരാതിയിൽ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസും വിഷ്‌ണു പ്രസാദിനെതിരെ കേസെടുത്തിട്ടുണ്ട്.
മത്സര ഓട്ടത്തിനെതിരെ നടപടി ശക്തമാക്കും : നടന്നത് മത്സര ഓട്ടമാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങളിൽ അമിത വേഗതയിലാണ് അപകടമുണ്ടായ ബൈക്കും മറ്റ് രണ്ട് ബൈക്കുകളും എത്തിയതെന്ന് പി.എ നസീർ പറഞ്ഞു. അപകടത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ കട്ടപ്പന ഡിവൈഎസ്‌പി വി.എ നിഷാദ്‌മോന് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ മത്സരയോട്ടത്തിൽ പങ്കെടുത്ത 2 ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാഹനങ്ങളും ആർടിഒ പരിശോധിച്ചു.
എസ്എംഎൽ ജങ്‌ഷനില്‍ ജൂണ്‍ മൂന്നിന് വൈകിട്ട് നാലരയ്ക്കാണ് അമിത വേഗതയിലെത്തിയ ആഡംബര ബൈക്ക് നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡരികിലെ ട്രാൻസ്‌ഫോർമറിന്‍റെ വേലിക്കുള്ളിലേക്ക് വീണത്. ബൈക്ക് ഓടിച്ചിരുന്ന വിഷ്‌ണു പ്രസാദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം, അമിത വേഗത കാരണമുണ്ടാകുന്ന ഇരുചക്ര വാഹനാപകടങ്ങൾ വർധിക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.